ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ തെലുങ്ക് സിനിമ ആർആർആർ വലിയ പ്രശംസകൾ ഏറ്റുവാങ്ങുന്നതിനിടെ വീണ്ടും വിമർശിച്ച് സംവിധായകൻ രാംഗോപാൽ വർമ്മ. എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആർആർആർ തിയേറ്ററിൽ വൻവിജയം നേടിയിരുന്നു. പിന്നീട് ഒടിടി റിലീസായതോടെ ലോകശ്രദ്ധയാകർഷിക്കാനുമായി.
ബോക്‌സ് ഓഫീസ് കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ചിത്രത്തിന് എതിരെ തുടരെവിമർശനങ്ങൾ ഉന്നയിക്കുകയാണ് സംവിധായകൻ രാംഗോപാൽ വർമ. ആർആർആർ ഒരു സർക്കസ് കാണുന്ന പ്രതീതിയാണ് തന്നതെന്ന് രാംഗോപാൽ വർമ പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
നായകന്മാരായ ജൂനിയർ എൻടിആറും രാംചരൺ തേജയും പ്രൊഫഷണൽ ജിംനാസ്റ്റിക് കലാകാരന്മാരാണെന്ന് തോന്നി. അവരുടെ സംഘട്ടനരംഗങ്ങൾ സർക്കസിലെ പ്രകടനമായാണ് തോന്നിയതെന്നും രാംഗോപാൽ വർമ പറഞ്ഞു. അതേസമയം, ചിത്രത്തിലെ തീവണ്ടി അപകടരംഗത്തെ രാം ഗോപാൽ വർമ പുകഴ്ത്തുകയും ചെയ്തു.
നേരത്തെ ആർആർആർ ഗേ ചിത്രമാണെന്ന വർമയുടെ പരാമർശം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ വരുന്ന സെപ്റ്റംബറിൽ നടക്കാനിരിക്കുന്ന ടൊറോന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് രാജമൗലിക്ക് ക്ഷണമുണ്ട്. മേളയിൽ ഇത്തവണ ഇന്ത്യയിൽ നിന്ന് പങ്കെടുക്കുന്ന ഏക ഇന്ത്യൻ പ്രമുഖനാണ് രാജമൗലി.