ചെന്നൈ: വരുമാനം വെളിപ്പെടുത്താത്തതിന്റെ പേരിൽ നടൻ വിജയ്‌ക്കെതിരേ ആദായ നികുതിവകുപ്പ് ചുമത്തിയ ഒന്നരക്കോടി രൂപയുടെ പിഴശിക്ഷ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. അധികവരുമാനം സ്വമേധയാ വെളിപ്പെടുത്താത്തതിനാണ് ഐടി വകുപ്പ് വിജയ്‌ക്കെതിരേ നടപടി എടുത്തിരുന്നത്.
‘പുലി’ എന്ന സിനിമയിൽ അഭിനയിക്കുന്നതിനുള്ള പ്രതിഫലം 16 കോടി രൂപ ചെക്കായും 4.93 കോടി കറൻസി ആയും വിജയ് കൈപ്പറ്റിയെന്നും ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി ഒടുക്കിയതെന്നുമായിരുന്നു ആരോപണം. 2015-2016 സാമ്പത്തികവർഷത്തിലെ വരുമാനമാണ് ആദായനികുതി വകുപ്പിന്റെ നടപടിക്ക് ആധാരമായത്. തനിക്കു ലഭിച്ച 15 കോടി രൂപ അധികവരുമാനം വിജയ് വെളിപ്പെടുത്തിയിട്ടില്ല എന്നായിരുന്നു ആദായനികുതി വകുപ്പിന്റെ ആരോപണം.
ആ വർഷത്തിൽ 15 കോടി രൂപയുടെ അധികവരുമാനം വിജയ്ക്ക് ഉണ്ടായെന്നും പിഴ ചുമത്തിക്കൊണ്ടുള്ള നോട്ടീസിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ ആദായനികുതി നിയമപ്രകാരം ഈ കാലയളവിലേക്കുള്ള പിഴത്തുക 2018 ജൂൺ 30-ന് മുമ്പ് ചുമത്തേണ്ടതാണെന്ന് വിജയിന്റെ അഭിഭാഷകൻ വാദിച്ചു. കാലപരിധിക്ക് ശേഷം ചുമത്തിയ പിഴ നിയമാനുസൃതമല്ലെന്ന വാദം കണക്കിലെടുത്താണ് കോടതി സ്റ്റേ അനുവദിച്ചത്.