കുഞ്ചാക്കോ ബോബനെ നായകനാക്കി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ച ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്’. പ്രേക്ഷകർ ഏറെ കാത്തിരുന്ന ചിത്രം ഇന്നാണ് തീയ്യേറ്ററിലെത്തിയത്. റിലീസ് ദിനത്തിൽ പുറത്തിറക്കിയ പോസ്റ്റർ ഇപ്പോൾ ചിത്രത്തെ വിവാദത്തിലേയ്ക്ക് വലിച്ചിട്ടിരിക്കുകയാണ്.
‘കേസ് കൊണ്ട് അവര്‍ രക്ഷപ്പെട്ടു, കൂടുതല്‍ സിനിമകള്‍ കിട്ടി’: അതിജീവിതയെ അധിക്ഷേപിച്ച് പിസി ജോര്‍ജ്
‘തിയേറ്റുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട്, എന്നാലും വന്നേക്കണേ,’ എന്നാണ് പോസ്റ്ററിൽ നൽകിയിരിക്കന്ന വാചകം. ഇതിനെതിരെയാണ് വിമർശനമുയരുന്നത്. ചാനൽ ചർച്ചകളിൽ നിരീക്ഷകനായെത്തുന്ന പ്രേം കുമാറാണ് ചിത്രത്തിന്റെ പരസ്യത്തിനെതിരെ ആദ്യം രംഗത്തെത്തിയത്. പിന്നാലെ ചിത്രം ബഹിഷ്‌കരിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.
ഇപ്പോഴിതാ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ജോയ് മാത്യു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നടൻ പ്രതികരണം രേഖപ്പെുത്തിയത്. അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അറിയിച്ച് കൊണ്ടുള്ള കുറിപ്പാണ് നടൻ പങ്കുവച്ചിരിക്കുന്നത്. ‘വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് ‘എന്ന് തിരുത്തി വായിക്കേണ്ടതാണെന്നും ജോയ് മാത്യു കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
വഴിയിൽ കുഴിയുണ്ട്
മനുഷ്യർ കുഴിയിൽ വീണ് മരിക്കുന്നുമുണ്ട്
സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട് –
ഈ യാഥാർഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച
അണിയറ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ
അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ
ആൾരൂപങ്ങൾക്ക് നമോവാകം .
എന്നിട്ടും മതിയാകുന്നില്ലെങ്കിൽ
‘ന്നാ താൻ കേസ് കൊട് ‘
———————————
NB:തിരുത്ത് ‘വഴിയിൽ കുഴിയുണ്ട് എന്നല്ല കുഴിയിൽ വഴിയുണ്ട് ‘എന്നാണ് വായിക്കേണ്ടത്