‘സ്ത്രീകൾക്ക് പ്രണയവും കാമവും ബാധകമല്ലേ?’; കമന്റിന് മറുപടിയുമായി നടി സ്വാസിക

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ചതുരം’ റിലീസിന് കാത്തിരിക്കുകയാണ്. ചിത്രത്തിന്റെ കഴിഞ്ഞ ദിവസം പുറത്തുവന്ന പോസ്റ്ററിന് വന്ന വിമർശനങ്ങളോട് പ്രതികരിക്കുകയാണ് നടി സ്വാസിക. റോഷനും സ്വാസികയും തമ്മിലുള്ള ഇന്റിമേറ്റ് സീനാണ് പോസ്റ്ററിൽ ഉൾക്കൊള്ളിച്ചിരുന്നത്.

സ്വാസിക ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോ പോസ്റ്റിന് താഴെ വന്ന കമന്റിന് അവർ നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. ‘ആണുങ്ങളെ മാത്രമാണോ സിനിമ കാണിക്കുവാൻ ഉദ്ദേശിക്കുന്നത്? താങ്കളിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല’ എന്നായിരുന്നു ഒരാൾ പോസ്റ്ററിന് താഴെ കമന്റ് ചെയ്തത്.

ചുട്ട മറുപടിയായിരുന്നു കമന്റിനോടുള്ള സ്വാസികയുടെ പ്രതികരണം. സ്ത്രീകൾക്ക് പ്രണയവും കാമവും ഇല്ലേ എന്നും, ലൈംഗീക വിദ്യഭ്യാസത്തിന്റെ കാലത്ത് അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ശ്രമിക്കൂ എന്നാണ് അവർ കുറിച്ചത്.

സ്വാസികയുടെ വാക്കുകൾ ഇങ്ങനെയാണ്

അതെന്താ സ്ത്രീകൾക്ക് പ്രണയവും കാമവും ഒന്നും ബാധകമല്ലേ? പുരുഷനെപ്പോലെ തന്നെ എല്ലാ സുഖങ്ങളും വികാരങ്ങളും സ്ത്രീകളുടെയും അവകാശമാണ്, അത് തിരിച്ചറിയാതെയാണ് സഹോദരി ജീവിക്കുന്നതെങ്കിൽ സഹതാപം മാത്രം. അഡൽസ് ഓൺലി എന്നു പറഞ്ഞാൽ പ്രായപൂർത്തിയായവർ എന്നാണ് അർത്ഥം, അല്ലാതെ പ്രായപൂർത്തിയായ പുരുഷന്മാർ മാത്രം എന്നല്ല. സ്ത്രീ പ്രേക്ഷകർക്കും നെഞ്ചും വിരിച്ച് വന്ന്, സുരക്ഷിതമായി തീയേറ്ററിൽ സിനിമ കാണാം. പഴയത് പോലെയല്ല ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഒക്കെ കാലമാണ്, അതിനനുസരിച്ചുള്ള മാറ്റങ്ങളെ ഉൾക്കൊള്ളാൻ ആരംഭിക്കൂ പ്ലീസ്. തുണി മാറി കിടക്കുന്ന ഭാഗം ഫോക്കസ് ചെയ്ത് കാണുന്നവരോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല.

 

ചതുരം ഓഗസ്റ്റിൽ റിലീസ് ചെയ്യുമെന്ന് സിദ്ധാർത്ഥ് അറിയിച്ചിരുന്നു. റിലീസ് തിയതി ഉടൻ പുറത്തുവിടുമെന്നും സംവിധായകൻ അറിയിച്ചിട്ടുണ്ട്. ചിത്രത്തിന് എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ.

Exit mobile version