തീയ്യേറ്ററുകളിൽ മലയാള സിനിമയ്ക്ക് പ്രേക്ഷകരില്ലെന്ന ചർച്ചകൾ അപ്രസക്തമാക്കി വിജയകുതിപ്പ് തുടരുകയാണ് ജോഷിയുടെ സുരേഷ് ഗോപി ചിത്രം പാപ്പൻ. ചിത്രം ആദ്യ മൂന്ന് ദിനങ്ങളിൽ നിന്ന് മാത്രം നേടിയത് 11.56 കോടിയാണ്. സുരേഷ് ഗോപി ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. അതുപോലെ ചർച്ചയാവുകയാണ് ഷമ്മി തിലകൻ ചിത്രത്തിൽ അവതരിപ്പിച്ച കാഥാപാത്രവും.
കഥയിൽ ഏറെ പ്രാധാന്യമുള്ള ഇരുട്ടൻ ചാക്കോയായാണ് ഷമ്മി സ്‌ക്രീനിൽ എത്തുന്നത്. രൂപം കൊണ്ട് പലപ്പോഴും അച്ഛൻ തിലകനെ അനുസ്മരിപ്പിക്കുന്നുണ്ട് ഈ കഥാപാത്രമായെത്തിയ ഷമ്മി. പ്രകടനത്തിലും അദ്ദേഹം അച്ഛനെ ഓർമ്മിപ്പിച്ചുവെന്ന് സംവിധായകൻ വിനോദ് ഗുരുവായൂർ ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;
നമുക്ക് നഷ്ടമായ തിലകൻ ചേട്ടൻ തിരിച്ചു വന്നിരിക്കുന്നു, അദ്ദേഹത്തിന്റെ മകനിലൂടെ… പാപ്പനിൽ. അധികം സീനിലൊന്നും ചാക്കോ എന്ന ഷമ്മി ചേട്ടൻ ഇല്ലെങ്കിൽ കൂടി, സിനിമയിൽ നിറഞ്ഞു നിൽപ്പുണ്ട് ചാക്കോ. ജോഷി സർ ലോഹിതദാസ് സർ ടീം ഒരുക്കിയ കൗരവർ എന്ന സിനിമയിലെ തിലകൻ ചേട്ടനെ ഇന്നും മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്.
അതുപോലെ ചാക്കോ വർഷങ്ങൾ കഴിഞ്ഞാലും നമ്മുടെ മനസ്സിലുണ്ടാകും. തിലകൻ ചേട്ടനോളൊപ്പം എന്നല്ല.. എന്നാലും അദ്ദേഹം ചെയ്തിരുന്ന വേഷങ്ങൾ നമുക്ക് ധൈര്യമായി ഇദ്ദേഹത്തെ ഏല്പിക്കാം… മോശമാക്കില്ല…. ഭാവിയിൽ തിലകൻ ചേട്ടന് മുകളിൽ നിൽക്കുന്ന മകനെ മലയാള സിനിമ ഉപയോഗിക്കട്ടെ.. ജോഷി സർ പല നടന്മാരുടെയും, അവരുടെ ബെസ്റ്റ് നമുക്ക് കാണിച്ചു തന്നിട്ടുണ്ട്, ഇപ്പോൾ ഷമ്മി തിലകന്റെ ഇരുട്ടൻ ചക്കൊയും …. വിനോദ് ഗുരുവായൂർ