‘ന്നാ താൻ കേസ് കൊട്’ സിനിമയിൽ കുഞ്ചാക്കോ ബോബൻ ദേവദൂതർ പാട്ടിനൊപ്പിച്ച് ഡാൻസ് ചെയ്യുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയെ ഭരിക്കുന്നത്. താരത്തിന്റെ ഡ്യൂപ്പുകൾ അതേ പാട്ടിന് ചുവടുവെച്ചപ്പോൾ നടൻ ദുൽഖർ സൽമാനും മടിച്ചി നിന്നില്ല. ദുൽഖറിന്റെ ഡാൻസും ഇതിനിടെ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്.
മമ്മൂട്ടിയുടെ പഴയ സിനിമ കാതോട് കാതോരത്തിലെ പാട്ടാണ് വീണ്ടും ആരാധകരെ തേടിയെത്തിയിരിക്കുന്നത്. ഒ.എൻ.വി കുറുപ്പിന്റെ വരികൾക്ക് ഔസേപ്പച്ചനാണ് ഒറിജിനൽ പാട്ടിന് ഈണം നൽകിയത്. പാട്ടിന്റെ പേരിൽ താൻ കേസ് കൊടുക്കില്ലെന്നും സത്യത്തിൽ ലാഭം കിട്ടിയത് തനിക്കാണെന്നുമാണ് ഈ പാട്ടിന്റെ റീമിക്സ് ഇറങ്ങിയതിനെ കുറിച്ച് ഔസേപ്പച്ചൻ പ്രതികരിക്കുന്നത്.
‘എന്തായാലും പടത്തിന്റെ പേര് പോലെ കേസ് കൊടുക്കാൻ ഞാൻ ഇല്ല. പാട്ട് വീണ്ടും ഉപയോഗിച്ചു. വളരെ നല്ല രീതിയിൽ ജനങ്ങളിലേക്ക് എത്തിച്ചത് നന്ദിയോടെയാണ് ഞാൻ ഓർക്കുന്നത്. 1985ലാണ് പാട്ട് റെക്കോർഡ് ചെയ്യപ്പെടുന്നത്. അന്ന് പിൽക്കാലത്ത് ലെജൻസായി മാറിയ ഒരുപാട് സംഗീതജ്ഞർ അതിന്റെ പുറകിൽ ഉണ്ടായിരുന്നു എന്നുള്ളത് സത്യമാണ്. അന്ന് ഞങ്ങൾ അത് എ.വി.എമിൽ വച്ച് റെക്കോർഡ് ചെയ്യുന്നത് 50ഓളം ഓർക്കസ്ട്ര വച്ചിട്ടാണെന്നും മീഡിയ വണിന് നൽകിയ അഭിമുഖത്തിൽ ഔസേപ്പച്ചൻ പറഞ്ഞു.
ALSO READ- കടുവയെ വിടാതെ കുറുവച്ചൻ; ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്ന് ആവശ്യം; കോടതിയിൽ ഹർജി
ദേവദൂതർ പാടി എന്ന പാട്ട് റെക്കോഡ് ചെയ്തു കഴിഞ്ഞപ്പോൾ തന്നെ എല്ലാവർക്കും ഇഷ്ടമായി. ദാസേട്ടനാണ് പാട്ട് പാടിയിരിക്കുന്നത്. അതുകഴിഞ്ഞു ഷൂട്ട് ഒക്കെ കഴിഞ്ഞതിന് ശേഷം ഭരതേട്ടൻ എന്നെ വിളിച്ചിട്ട് പറഞ്ഞു നമുക്ക് ഒരിക്കൽ കൂടി ആ പാട്ട് റെക്കോർഡ് ചെയ്യണമെന്ന്. അദ്ദേഹത്തിന്റെ സിനിമക്ക് അനുസരിച്ചുള്ള പാട്ടിന് വേണ്ടി അത് മാറ്റി ചിന്തിച്ചതായിരിക്കാം, നമുക്കറിയില്ലല്ലോ. ഭരതേട്ടന്റെ അപാരമായ കഥപറച്ചിലിലൂടെ ആ പാട്ട് ജനങ്ങളുടെ ഹൃദയത്തിലേക്ക് കയറി. ഈ പാട്ട് ഹിറ്റായി. പക്ഷെ ഇന്നിപ്പോൾ ആ പാട്ട് ഒരു ഗാനമേള മൂഡിൽ ഒന്നും തന്നെ മാറ്റാതെ വളരെ വൃത്തിയായി ഒരു നോട്ടും തെറ്റാതെ ചെയ്തിട്ടുണ്ട്. ബിജു നാരായണൻ നന്നായി പാടിയെന്നും ഔസേപ്പച്ചൻ പറഞ്ഞു.
‘ഡാൻസ് എന്തുമായിക്കൊള്ളട്ടെ, ഉത്സവപ്പറമ്പിൽ ആഘോഷിക്കാൻ വന്ന ഒരു വ്യക്തി തന്റെ മനസിലെ താളവും ഭാവവും വച്ച് അതിൽ ആസ്വദിച്ച് ഡാൻസ് ചെയ്തു. നന്നായി ഡാൻസ് ചെയ്യുന്നവർക്ക് ചാക്കോച്ചൻ ചെയ്യുന്നത് പോലെ ചെയ്യാൻ പറ്റില്ല. നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഒരു താളബോധമുണ്ട്. എന്നാൽ കുടിച്ചുകഴിയുമ്പോൾ ഈ താളം വളരെ പതിയെ ആകും. അത് ശരീര ഭാഷയിൽ ചാക്കോച്ചൻ ഗംഭീരമായി ചെയ്തു.’
‘പാട്ട് വളരെ സത്യസന്ധമായാണ് ചെയ്തിരിക്കുന്നത്. നമ്മൾ ഏതൊരു സാധനം പുറത്തേക്കിറക്കുമ്പോൾ പ്രോഡക്റ്റ് നന്നായിട്ട് കാര്യമില്ല. ഒരു പ്രോഡക്റ്റ് ഉണ്ടാക്കാൻ ഒരു കോടി രൂപ ചെലവാകുമെങ്കിൽ അതിന്റെ പ്രമോഷന് 10 കോടി ചെലവാക്കേണ്ടി വരും. അത് പോലെയാണ് പാട്ടിൽ ചാക്കോച്ചന്റെ ഡാൻസ് വന്നു കൂടുതൽ അറിയപ്പെട്ടത്. അറിയാതെയാണെങ്കിലും പിന്നീടറിഞ്ഞാണെങ്കിലും സത്യത്തിൽ ലാഭം കിട്ടിയത് എനിക്കാ,’ അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post