പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കടുവ ഓവർസീസ് റിലീസിന് പുറമെ ഒടിടി റിലീസിലേക്കും കടക്കുന്നതിനിടെ പരാതിയുമായി പാലാ സ്വദേശി ജോസ് കുരുവിനാക്കുന്നേൽ രംഗത്ത്. കടുവ ചിത്രത്തിന്റെ ഒടിടി റിലീസ് തടയണമെന്ന ആവശ്യവുമായാണ് കുറുവച്ചൻ എന്ന വിളിപ്പേരുള്ള ജോസ് കുരുവിനാക്കുന്നേൽ കോടതിയെ സമീപിച്ചിരിക്കുന്നത്.
ജോസ് കുരുവിനാക്കുന്നേലിന്റെ ജീവിതത്തിൽ സംഭവിച്ച യഥാർഥ കാര്യങ്ങളാണ് സിനിമയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത് എന്നായിരുന്നു ആദ്യത്തെ ആക്ഷേപം. പിന്നീട് ഏറെ നാളത്തെ നിയമ പോരാട്ടത്തിന് ശേഷമാണ് ജൂലൈ ഏഴിന് പൃഥ്വിരാജ് ചിത്രം റിലീസ് ചെയ്തത്.
വ്യക്തിയുടെ സ്വകാര്യതയെ മാനിക്കണമെന്ന് ചൂണ്ടിക്കാണിച്ച കോടതി വിധി അനുസരിച്ച് പൃഥ്വിരാജ് അവതരിപ്പിച്ച നായക കഥാപാത്രത്തിന്റെ പേര് കടുവാക്കുന്നിൽ കുറുവച്ചൻ എന്നതിൽ നിന്നും കുര്യച്ചൻ എന്ന പേരിലേക്ക് മാറ്റിയിരുന്നു. തുടർന്നാണ് റിലീസ് ചെയ്തത്.
എന്നാൽ കുര്യച്ചൻ പേര് മാറ്റിയ പതിപ്പ് ഇന്ത്യയിൽ മാത്രമാണ് കാണിച്ചതെന്നും വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്ത ചിത്രത്തിൽ കുറുവച്ചൻ എന്നുതന്നെയാണ് പേര് എന്നുമാണ് ജോസ് കുരുവിനാക്കുന്നിലിന്റെ ഒടുവിലത്തെ പരാതി.
ജോസ് കുരുവിനാക്കുന്നേലിന്റെ പരാതിയിൽ കടുവയുടെ നിർമാതാക്കൾക്ക് നോട്ടിസ് അയക്കാൻ കോടതി ഉത്തരവിട്ടു. ന്യൂസിലാൻഡ്, അമേരിക്ക, ദുബായ് എന്നീ വിദേശ രാജ്യങ്ങളിൽ ചിത്രം പ്രദർശിപ്പിച്ചതിന്റെ വിവരങ്ങൾ തെളിവായി സമർപ്പിച്ചുകൊണ്ടാണ് കുറുവച്ചൻ ഹൈക്കോടതിയിൽ ഹർജി നൽകിയത്. നേരത്തെ കുറുവച്ചൻ തിയറ്ററിലെത്തി ചിത്രം കണ്ടത് തെളിവുകൾ ശേഖരിക്കാനാണെന്നും അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു.
നിയമം അനുസരിച്ച് ലോകത്ത് എവിടെ സിനിമ റിലീസ് ചെയ്താലും ഒരുപോലെ ആയിരിക്കണം എന്നിരിക്കെ ഹൈക്കോടതി നിർദേശത്തിന്റെ ലംഘനമാണ് ഇവിടെ നടന്നിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.