ഇത്തവണത്തെ ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ മലയാളികൾക്ക് അഭിമാനമായ നേട്ടമുണ്ടാക്കിയ ഗായികയായിരുന്നു നഞ്ചിയമ്മ. ഫോക് ലോർ ഗായികയായ നഞ്ചിയമ്മയ്ക്ക് അയ്യപ്പനും കോശിയും സിനിമയിലെ ഗാനത്തിനാണ് മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. എന്നാൽ നഞ്ചിയമ്മ അവാർഡിന് അർഹയല്ലെന്ന് വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഗീതജ്ഞൻ ലിനു ലാൽ.
ഫേസ്ബുക്ക് വീഡിയോയിലൂടെ എത്തിയായിരുന്നു ലിനു ലാലിന്റെ വിമർശനം. ഇന്ത്യയിലെ ഏറ്റവും നല്ല പാട്ടായിരുന്നോ അയ്യപ്പനും കോശിയിലെ നഞ്ചിയമ്മ പാടിയതെന്ന് ചോദിച്ച ലിനു; ഏറ്റവും നന്നായി പാടിയ പാട്ടായിരുന്നോ എന്ന് തനിക്ക് സംശയമാണെന്നും ഫേസ്ബുക്കിലൂടെ പറഞ്ഞു.
‘ഞങ്ങളുള്ള ഒന്നു രണ്ടു വേദിയിൽ ഈ അമ്മ വന്നിട്ടുണ്ടെന്നും പിച്ച് ഇട്ടു കൊടുത്താൽ അതിന് അനുസരിച്ച് പാടാനൊന്നും നഞ്ചിയമ്മയ്ക്ക് കഴിയില്ല’- എന്നും ലിനു ലാൽ വിമർശിക്കുന്നു. അങ്ങനെയുള്ള ഒരാൾക്കാണോ പുരസ്‌കാരം കൊടുക്കേണ്ടതെന്നും ലിനു ലാൽ ചോദിക്കുന്നു.
മൂന്നും നാലും വയസുമുതൽ സംഗീതം അഭ്യസിച്ച് ജീവിതം മുഴുവൻ സംഗീതത്തിനു വേണ്ടി മാത്രം മാറ്റിവെച്ചവരുണ്ട്. അങ്ങനെയുള്ളവർക്ക് നൽകേണ്ടതിന് പകരം നഞ്ചിയമ്മ പാടിയ ഈ പാട്ടിന് മികച്ച ഗായികയ്ക്കുള്ള നാഷണൽ അവാർഡ് കൊടുത്തത് തെറ്റാണെന്നാണ് ലിനു ലാലിന്റെ അഭിപ്രായം.
പുതിയൊരു പാട്ട് കംപോസ് ചെയ്ത് നഞ്ചിയമ്മയെ സ്റ്റുഡിയോയിലേക്ക് വിളിച്ച് ആ പാട്ട് പാടിപ്പിക്കാമെന്നുവച്ചാൽ അത് സാധിക്കുമെന്ന് തോന്നുന്നില്ലെന്നൊക്കെയാണ് ലിനു ലാൽ വിമർശിക്കുന്നത്.
ALSO READ- ശ്രീറാം വെങ്കിട്ടരാമൻ ആലപ്പുഴ ജില്ലാ കളക്ടർ; രേണു രാജ് എറണാകുളം കളക്ടർ; ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി
അതേസമയം, സംഗീതജ്ഞൻ ലിനു ലാലിന്റെ അഭിപ്രായത്തിന് എതിരെ രൂക്ഷമായ വിമർശനവുമായി സോഷ്യൽമീഡിയ രംഗത്തെത്തിയിട്ടുണ്ട്. ഇയാൾ പറയുന്നത് മാടമ്പിത്തരമാണെന്നും പ്രിവിലേജില്ലാത്തവർ ഉയർന്നു വരുന്നതിനെ അവഹേളിക്കുകയാണെന്നും ചിലർ കുറ്റപ്പെടുത്തുന്നു. അതേസമയം, ചില കോണുകളിൽ നിന്നും ലിനി ലാലിന് പിന്തുണയും വർധിക്കുന്നുണ്ട്.
അതേസമയം, മലയാള പിന്നണി ഗാനരംഗത്തെ പ്രമുഖർ പലരും നഞ്ചിയമ്മയുടെ നേട്ടത്തെ അവഗണിച്ചുവെന്നും വിമർശനം ഉയരുന്നുണ്ട്.