കടുവ സിനിമ തീയേറ്ററുകളിലെത്തുന്നതിന് മുൻപ് തന്നെ ആരംഭിച്ചതാണ് സിനിമയെ ചൊല്ലിയുള്ള കലഹം. തീയ്യേറ്ററുകളിൽ സിനിമ നിറഞ്ഞോടുമ്പോഴും സിനിമയ്ക്ക് ആധാരമായത് തന്റെ കഥയാണെന്നും തനിക്കിത് അംഗീകരിക്കാനാകില്ലെന്നും കാണിച്ച് പാലാ സ്വദേശിയായ ജോസ് കുരുവിനാക്കുന്നേൽ കോടതി വരെ കയറിയിരുന്നു. എങ്കിലും ഏറെ വിവാദങ്ങൾക്കും നിയമ പോരാട്ടങ്ങൾക്കും ഒടുവിൽ ചിത്രം തീയ്യേറ്ററുകളിൽ നിറഞ്ഞോടുമ്പോഴാണ് കലഹം മതിയാക്കി ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ കടുവ കാണാനെത്തിയിരുന്നു.
ഇപ്പോഴിതാ കടുവ സിനിമ കണ്ട ശേഷം തന്റെ അഭിപ്രായം വ്യക്തമാക്കുകയാണ് ജോസ്. പാലാ അച്ചായൻ എന്ന് പറയുമ്പോൾ അൽപ്പം കുടവയറും തടിയുമൊക്കെ വേണമെന്നും പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്ന അച്ചായൻ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്‌സ്പാക്കായിട്ട് ഇരിക്കുന്നതെന്നും കുറുവച്ചൻ ചോദ്യം ചെയ്യുന്നു.
‘ഒരു കുരിശുപള്ളിയും കാണിച്ച് മെഴുകുതിരിയും കത്തിച്ചാൽ പാലാ അച്ചായൻ ആകില്ല. ഒന്നാമതായി സിനിമയിൽ പറയുന്നത് പാലാ ഭാഷയല്ല. ‘എന്നതാടാ’ എന്ന് ഇവിടെയാരും പറയാറില്ല. ‘എന്നാടാ’ എന്നാണ് ചോദിക്കുന്നത്.
പിന്നെ ഒരു പാലാ അച്ചായൻ എന്ന് പറയുമ്പോൾ അൽപ്പം കുടവയറും തടിയുമൊക്കെ വേണം. പന്നിയും പോത്തുമൊക്കെ സ്ഥിരമായിട്ട് കഴിക്കുന്ന ഒരു പാലാ അച്ചായൻ എങ്ങനെയാണ് ഇത്ര മെലിഞ്ഞ് സിക്‌സ്പാക്കായിട്ട് ഇരിക്കുന്നത്. എന്റെ ജീവിതത്തിൽ നിന്നെടുത്ത സിനിമയാണ് കടുവ. അപ്പോൾ ഞാനുമായിട്ട് അൽപ്പമെങ്കിലും രൂപസാദൃശ്യമുള്ള ഒരാളായിരുന്നെങ്കിൽ നന്നായിരുന്നേനെ. സുരേഷ്‌ഗോപി ചെയ്യണമെന്നായിരുന്നു ആഗ്രഹം.’- വീണ്ടും തന്റെ ആഗ്രഹം കുറുവച്ചൻ പ്രകടിപ്പിച്ചു.
കഥയിൽ പലതും അനാവശ്യമായി കൂട്ടിച്ചേർത്തതാണെന്നും താനൊരിക്കലും അമ്മയുടെ പ്രായമുള്ള ഒരു സ്ത്രീയോട് മോശമായി സംസാരിച്ചിട്ടില്ലെന്നും കുറുവച്ചൻ പറയുന്നു. സിനിമയാകുമ്പോൾ ഭാവനയുണ്ടാകും പക്ഷേ, ഒരാളെ അപകീർത്തിപ്പെടുത്തുന്നത് പോലെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും കുറുവച്ചൻ കൂട്ടിച്ചേർത്തു.
Discussion about this post