കൊച്ചി:ജേർണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ ഐച്ഛികമായി എടുത്ത് ബിരുദാനന്തര ബിരുദ പഠനത്തിന് ഇറങ്ങിയ നടി മാളവിക നായർക്ക് ഉന്നതവിജയം സ്വന്തം. എറണാകുളം സെന്റ് തെരേസാസിലായിരുന്നു താരത്തിന്റെ പഠനം. കലയോടൊപ്പം പഠനവും ഏറെ പ്രധാനപ്പെട്ടതാണെന്നും ജീവിതത്തിൽ പിന്നീടൊരിക്കലൂം നേടാൻ കഴിയാത്ത കോളജ് കാലം നഷ്ടപ്പെടാതിരിക്കാൻ എംഎക്ക് പഠിക്കുമ്പോൾ ഒരു ദിവസം പോലും ക്ലാസ് മുടക്കിയിട്ടില്ലെന്നാണ് താരം പറയുന്നത്.
തൃശൂർ സ്വദേശിയായ മാളവിക പ്ലസ് ടു കഴിഞ്ഞപ്പോൾ പഠന സൗകര്യത്തിനായി എറണാകുളത്തേക്ക് താമസം മാറിയിരുന്നു. കൂടെ കുടുംബവും എറണാകുളത്തേക്ക് മാറി. ബിഎയും എംഎയും എറണാകുളം സെന്റ് തെരേസാസിൽ ആണ് പഠിച്ചത്. ഒരു ദിവസം പോലും ക്ലാസ് നഷ്ടപ്പെടാതെയിരിക്കാൻ താരം കിണഞ്ഞുപരിശ്രമിക്കുമായിരുന്നു.
‘പഠനം പൂർത്തിയാക്കി ഇപ്പോൾ മികച്ച വിജയം കരസ്ഥമാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഹൈ ഡിസ്റ്റിങ്ഷൻ ഉണ്ടെന്നാണ് കോളജിൽ നിന്നു വിളിച്ചു പറഞ്ഞത്. ഇപ്പോൾ എല്ലാം ഗ്രേഡിങ് സിസ്റ്റം ആണല്ലോ. എന്റെ അച്ഛനും അമ്മയും ഏട്ടനും എന്റെ പഠനകാര്യങ്ങളിൽ ഏറെ ശ്രദ്ധ പുലർത്തിയിരുന്നു. മാതാപിതാക്കളുടെ പിന്തുണ കൊണ്ടാണ് എനിക്കിപ്പോൾ ഈ വിജയം നേടാൻ കഴിഞ്ഞത് ഇത് അവർക്കുള്ള ഒരു സമ്മാനം കൂടിയാണ്.’- താരം പറയുന്നു.
കൂടുതൽ പഠിക്കണം, എന്തെങ്കിലും ജോലി കണ്ടെത്തണം എന്നാണ് ആഗ്രഹം. എന്റെ അച്ഛനും അമ്മയും ഏട്ടനും എന്റെ എല്ലാ ലക്ഷ്യങ്ങൾക്കും നല്ല സപ്പോർട്ട് ആണ്. അവർക്ക് സന്തോഷം കൊടുക്കാൻ കഴിഞ്ഞതിൽ സംതൃപ്തിയുണ്ട്. ഒടുവിൽ ചെയ്ത സിനിമ സിബിഐ അഞ്ചാംഭാഗം ആണ്. പുതിയ സിനിമകൾ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും താരം പറഞ്ഞു.