തൊണ്ണൂറുകളിൽ ബോളിവുഡ് സിനിമയുടെ സൗന്ദര്യത്തിന്റെ മറുവാക്കിയിരുന്നു നടി മഹിമ ചൗധരി. നായികാ വേഷങ്ങളിൽ ചുരുങ്ങിയ സിനിമകളിൽ മാത്രം പ്രത്യക്ഷപ്പെട്ട താരത്തിന് അനേകം ആരാധകരുണ്ട്. എന്നാൽ ഇപ്പോഴിതാ താരം നടത്തിയ ഒരു വെളിപ്പെടുത്തൽ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
താൻ അർബുദരോഗ ബാധിതയായിരുന്നു എന്നും രോഗത്തെ നേരിട്ട് കീഴ്‌പ്പെടുത്തി എന്നുമാണ് താരം വെളിപ്പെടുത്തിയിരിക്കുന്നത്. രോഗകാലത്തെ കഷ്ടതകളെ കുറിച്ചും താരം തുറന്നുപറയുന്നുണ്ട്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു മഹിമയുടെ വെളിപ്പെടുത്തൽ.
ഷാരൂഖ് ഖാന്റെ നായികയായി ‘പർദേസ്’ എന്ന സിനിമയിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച മഹിമ ചൗധരിയെ ഒരൊറ്റ സിനിമ കൊണ്ടുതന്നെ ആരാധകർ സ്വീകരിച്ചു. പർദേസിലെ ഗാനങ്ങൾ ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ടവയാണ്. വിവാഹശേഷം സിനിമ വിട്ട താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ്.
ബോളിവുഡ് താരമായ അനുപം ഖേർ പങ്കുവച്ച ഒരു വീഡിയോയിലൂടെയാണ് മഹിമയുടെ രോഗത്തെക്കുറിച്ച് പ്രേക്ഷകർ ആദ്യമായറിയുന്നത്. അർബുദരോഗത്തെ മനശക്തി കൊണ്ടും, ആത്മവിശ്വാസം കൊണ്ടും കൃത്യമായ ചികിത്സ കൊണ്ടും നേരിട്ട് വിജയിച്ചവരിൽ ഒരാളാണ് മഹിമ.
മഹിമ സ്തനാർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. ചികിത്സയ്ക്ക് ശേഷം അനുപം ഖേറിനൊപ്പം പുതിയൊരു ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കെ അനുപം ഖേർ തന്നെ പകർത്തിയ വീഡിയോയിലൂടെയാണ് മഹിമയുടെ അനുഭവം പുറംലോകത്തെത്തിയത്.
സ്തനാർബുദമാണെന്ന് കണ്ടെത്തിയത് മുതൽ ചികിത്സയിലൂടെ മുക്തി നേടിയത് വരെയുള്ള കാര്യങ്ങൾ മഹിമ വീഡിയോയിലൂടെ സൂചിപ്പിക്കുന്നുണ്ട്. രോഗവിവരം അറിഞ്ഞപ്പോൾ ആദ്യം കരച്ചിലായിരുന്നുവെന്നാണ് മഹിമ തന്നെ പറയുന്നത്. പതിനേഴാം നൂറ്റാണ്ടിലെ സ്ത്രീകളെ പോലെ ഇങ്ങനെ കരയാതിരിക്കൂ എന്ന് ശാസിച്ചത് സഹോദരിയാണെന്നും തുടർന്ന് ചികിത്സയുടെ ഓരോ ഘട്ടങ്ങളിലും സഹോദരങ്ങളും ബന്ധുക്കളും നൽകിയ പിന്തുണയും മഹിമ എടുത്തുപറയുന്നുണ്ട്.