അമൃത സുരേഷിനൊപ്പമുള്ള പുത്തൻ ചിത്രം പങ്കുവച്ച് സംഗീത സംവിധായകൻ ഗോപി സുന്ദർ. ഇൻസ്റ്റഗ്രാമിലൂടെ താരം പ്രണയം നിറയുന്ന ചിത്രം പങ്കുവെച്ചത്. ‘എന്റെ കൺമണി’ എന്ന അടിക്കുറിപ്പോടെയാണ് അമൃതയെ നെഞ്ചോടു ചേർത്തു നിൽക്കുന്ന ചിത്രം താരം പങ്കിട്ടത്.
ഇരുവരുടേയും ചിത്രം ഇതിനകം വൈറൽ ആയിക്കഴിഞ്ഞു. ആരാധകരും സുഹൃത്തുക്കളുമുൾപ്പെടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. പ്രണയാർദ്രമായ ചിത്രങ്ങൾ മുൻപും ഗോപി സുന്ദറും അമൃതയും പങ്കുവച്ചിട്ടുണ്ട്. അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചതായും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്.
ജീവിതത്തിലെ വിഷമഘട്ടങ്ങൾ പിന്നിട്ട് ഒരുമിച്ചു മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്‌നേഹവും പ്രാർഥനയും എന്നും തങ്ങളുടെ കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത നേരത്തെ പറഞ്ഞിരുന്നു. ഇരുവരും ചേർന്ന് പദ്മനാഭസ്വാമി ക്ഷേത്രം സന്ദർശിച്ചതും ക്ഷേത്രത്തിൽ നിന്നുമുള്ള ചിത്രങ്ങളും വൈറലായിരുന്നു.