തിരക്കഥാകൃത്തായും നടനായും സംവിധായകനായും മലയാള സിനിമയിൽ തിളങ്ങുന്ന ധ്യാൻ ശ്രീനിവാസൻ തുറന്നുപറച്ചിലുകൾ കൊണ്ടും ശ്രദ്ധേയനാണ്. അച്ഛൻ ശ്രീനിവാസന്റെ പാതയിലൂടെയാണ് ധ്യാനും വിനീതും സിനിമാലോകത്തേക്ക് എത്തിയത്.
വിനീത് ശ്രീനിവാസൻ ഗായകനായും സംവിധായകനായും തിരക്കഥാകൃത്തായും നടനായുമൊക്കെ തിളങ്ങുമ്പോൾ മലയാളസിനിമയിൽ തന്റേതായ ഒരിടമുണ്ടാക്കുകയാണ് ധ്യാനും. ശ്രീനിവാസന്റെ മകനായതുകൊണ്ട് ലഭിക്കാവുന്ന പ്രിവിലേജുകളെക്കുറിച്ചും അത് താൻ എങ്ങനെ കാണുന്നുവെന്നും പറയുകയാണ് ഇപ്പോൾ ധ്യാൻ.
”നാട്ടിലൊക്കെയാണെങ്കിൽ ഏത് വീട്ടിൽ പാതിരാത്രിക്ക് കയറിയാലും ശ്രീനിവാസന്റെ മോനാണെന്ന് പറഞ്ഞാൽ ഒരു ഗ്ലാസ് പച്ചവെള്ളം കിട്ടും. അതായത് നമ്മൾ നാട്ടിലാണെങ്കിൽ തെണ്ടിപ്പോവില്ലെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെ താരം വെളിപ്പെടുത്തി.
അനാവശ്യമായ പ്രിവിലേജുകളിൽ തനിക്ക് വലിയ താൽപര്യമില്ലെന്നും ശ്രീനിവാസന്റെ മോനായത് കൊണ്ടുള്ള ഓവർ അറ്റൻഷൻ തനിക്ക് വേണ്ട. അത് താൻ ആഗ്രഹിക്കുന്നുമില്ലെന്നും താരം വെളിപ്പെടുത്തി.
‘ബാക്കിയുള്ളവരെ ഒരുപോലെ ട്രീറ്റ് ചെയ്യുന്ന പോലെത്തന്നെ എന്നെ ട്രീറ്റ് ചെയ്താൽ മതി. എന്നെ ഒരു മനുഷ്യനെ പോലെത്തന്നെ കണ്ടാൽ മതി. അത് പലരും കാണുന്നില്ല, അതാണ് പ്രശ്നം.ഓവർ പ്രിവിലേജുകൾ എനിക്ക് ഇഷ്ടമല്ല,”-ധ്യാൻ ശ്രീനിവാസൻ പ്രതികരിച്ചു.
നവാഗതനായ ഷഹദ് സംവിധാനം ചെയ്ത പ്രകാശൻ പറക്കട്ടെയാണ് ധ്യാൻ ശ്രീനിവാസന്റെ ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം. സിനിമയുടെ തിരക്കഥ രചിച്ചതും ധ്യാൻ തന്നെയായിരുന്നു.