സന്നദ്ധ സംഘടനയല്ല ക്ലബ് ആണ് അമ്മ സംഘടന എങ്കിൽ അംഗത്വം വേണ്ടെന്ന് ജോയ് മാത്യു. ക്ലബ് ആയ അമ്മയിൽ അംഗത്വം വേണ്ടെന്ന് ചൂണ്ടിക്കാട്ടി സെക്രട്ടറി ഇടവേള ബാബുവിന് ജോയ് മാത്യു കത്തെഴുതിയിരിക്കുകയാണ്.
സന്നദ്ധ സംഘടനയായതു കൊണ്ടാണ് ഒരു ലക്ഷം രൂപ നൽകി അംഗത്വമെടുത്തതെന്നും ക്ലബ്ബ് ആണെന്ന് പറഞ്ഞതിനാൽ തന്നെ അംഗത്വ ഫീസ് തിരികെ തരണമെന്നും ജോയ് മാത്യു പറഞ്ഞു.
‘സന്നദ്ധ സംഘടനയായതു കൊണ്ടാണ് ഒരു ലക്ഷം രൂപ നൽകി അംഗത്വമെടുത്തത്. സന്നദ്ധ സംഘടനയല്ല, ക്ലബ് ആണെന്ന് വ്യക്തമാക്കിയ സ്ഥിതിയ്ക്ക് അംഗത്വ ഫീ തിരിച്ചു തരണം. അമ്മ സെക്രട്ടറി വിവരക്കേട് പറയുകയാണ്. അത് തിരുത്തണം. നിർവാഹക സമിതി അംഗങ്ങളും സെക്രട്ടറിയെ തിരുത്തുന്നില്ല. ജനാധിപത്യബോധമില്ലെന്നാണ് അതിനർഥം. വിവരമില്ലാത്തവരാണ് തലപ്പത്തിരിക്കുന്നത്. നാളെ ഇത് രാഷ്ട്രീയ സംഘടനയാണെന്ന് പറഞ്ഞാൽ എന്ത് ചെയ്യും’ ജോയ് മാത്യു ചോദിക്കുന്നു.
‘ജനാധിപത്യത്തെ കളിയാക്കുകയാണ് ഇവർ. വെറുതെ വിടില്ല. ക്ലബ്ബിന്റെ നിയമാവലി വേറെ, സന്നദ്ധസംഘടനയുടേത് വേറെ. രണ്ടിനും ചിട്ടവട്ടങ്ങൾ വ്യത്യസ്തമാണ്. തുല്യവേതനം പറ്റുന്നവരുടെ സംഘടനയല്ല അമ്മ. മറ്റേത് സംഘടനയെടുത്താലും വേതനത്തിന്റെ കാര്യത്തിൽ വേർതിരിവ് കാണില്ല. ഇവിടെ അങ്ങനെയല്ല. പലർക്കും കീഴ്പ്പെടണം.വിരുദ്ധ അഭിപ്രായങ്ങൾ കുറവാണ്. ക്ലബ് ആണെന്ന് പറയുമ്പോൾ കൂടെയുള്ളവർ മിണ്ടുന്നില്ല. മുകളിലുള്ളവരെ ഭയക്കുകയാണ്. വിവരമില്ലായ്മ അല്ലാതെ എന്താണിത്, ജോയ് മാത്യു ചോദിക്കുന്നു.