ചെന്നൈ: തെന്നിന്ത്യയിൽ മാത്രമല്ല ബോളിവുഡിൽ ഉൾപ്പടെ ആരാധകരെ സൃഷ്ടിച്ച താരമാണ് ആർ മാധവൻ. ഇപ്പോഴിതാ താം സിനിമാനടനെന്ന ലേബലിൽ നിന്നും തിരക്കഥാകൃത്തായും സംവിധായകനായും വളർന്നിരിക്കുന്നു. മാധവന്റെ സംവിധാന സംരംഭമായ റോക്കട്രി, ദി നമ്പി ഇഫക്ട് എന്ന സിനിമ തീയേറ്റർ റിലീസിന് ഒരുങ്ങുകയാണ്. ചാരക്കേസിൽ പെട്ട് കരിയർ നഷ്ടപ്പെട്ട നമ്പി നാരായണനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രത്തിൽ മാധവൻ തന്നെയാണ് മുഖ്യകഥാപാത്രമായി എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി രാജ്യമെമ്പാടും സഞ്ചരിക്കുകയാണ് താരം. ഇത്തരത്തിൽ ഒരു പ്രമോഷൻ പരിപാടിക്കിടെ മാധവൻ നടത്തിയ പരാമർശമാണ് വലിയ പുകിലായിരിക്കുന്നത്. ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കാൻ ഐഎസ്ആർഒയെ സഹായിച്ചത് ഹിന്ദു കലണ്ടറായ പഞ്ചാംഗ് ആണെന്നാണ് ആർ മാധവൻ പ്രസ്താവന നടത്തിയത്.
ഈ വാക്കുകൾ വളരെയേറെ വിവാദമാവുകയും ആരാധകരുൾപ്പടെയുള്ളവർ മാധവനെ വിമർശിച്ച് രംഗത്തെത്തുകയും ചെയ്തു. സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനമായ ഐഎസ്ആർഒയെ കുറിച്ചും അവരുടെ ചൊവ്വ ദൗത്യത്തെ കുറിച്ചും സംസാരിക്കുന്നതിനിടെയാണ് മാധവൻ ഇത്തരത്തിലൊരു പരാമർശം നടത്തിയത്.
ബഹിരാകാശത്തേക്ക് റോക്കറ്റ് വിക്ഷേപിക്കാനും അത് ചൊവ്വയുടെ ഭ്രമണപഥത്തിലെത്താനും ഐഎസ്ആർഒയെ ഹിന്ദു കലണ്ടറായ പഞ്ചാംഗ് സഹായിച്ചെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഇത് ശാസ്ത്രപ്രേമികളെ ഉൾപ്പടെ വലിയ രീതിയിൽ നിരാശപ്പെടുത്തിയിരിക്കുകയാണ്. നടൻറെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നിരവധി പേരാണ് നടനെ വിമർശിച്ചു കൊണ്ട് രംഗത്തെത്തിയത്.
When panjakam plays a important role in Mars mission #Madhavan #MarsMission #science #technology #sciencefiction pic.twitter.com/tnZOqYfaiN
— கல்கி (@kalkyraj) June 23, 2022
ചോക്ലേറ്റ് ബോയ് ഇമേജിൽ നിന്നും വളർന്ന താരം ഇപ്പോൾ ഔദ്യോഗികമായി വാട്ട്സ്ആപ്പ് അമ്മാവനായി മാറിയിരിക്കുകയാണെന്ന തരത്തിലുള്ള കമന്റുകളാണ് താരത്തിന് എതിരെ നിറയുന്നത്. എല്ലാകാര്യവും എല്ലാവർക്കും അറിയണമെന്നില്ല. എന്നാൽ കാര്യങ്ങളെ കുറിച്ച് ഒരു ധാരണയുമില്ലാത്തപ്പോൾ വാ തുറക്കാത്തതാണ് നല്ലതെന്ന് ആരാധകർ മാധവനെ വിമർശിക്കുന്നു.
മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞനും എയ്റോസ്പേസ് എഞ്ചിനീയറുമായിരുന്ന നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കിയ ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. എന്നാൽ പബ്ലിസിറ്റിത്ത് വേണ്ടിയുള്ള മാധവന്റെ പരാമർശങ്ങൾ നിരാശപ്പെടുത്തുന്നതാണ് പലരും അഭിപ്രായപ്പെടുന്നു.