തെലുങ്ക് സൂപ്പർ താരവും അക്കിനേനി കുടുംബാംഗവുമായ നാഗചൈതന്യ പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ നടൻ നാഗചൈതന്യയും തെന്നിന്ത്യൻ ഭാഷകളിൽ നിറഞ്ഞുനിൽക്കുന്ന നടി ശോഭിത ധൂലിപാലയും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ.
ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നാഗചൈതന്യ അടുത്തകാലത്തായി ഒരു ആഡംബര ഭവനം സ്വന്തമാക്കിയിരുന്നു. ഈ ബംഗ്ലാവിലേക്ക് ശോഭിത അതിഥിയായി എത്തിയിരുന്നുവെന്നാണ് താരത്തോടടുത്ത വൃത്തങ്ങൾ പറയുന്നത്.
മലയാളത്തിൽ കുറുപ്പ്, മൂത്തോൻ തുടങ്ങിയ ചിത്രങ്ങളാണ് ശോഭിതയുടേതായി റിലീസ് ചെയ്തിട്ടുള്ളത്. ദുൽഖർ സൽമാൻ നായകനായ കുറുപ്പിലെ നായിക വേഷത്തിലൂടെ മലയാളികൾക്ക് സുചരിതയായ നടിയാണ് ശോഭിത.
മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറഞ്ഞ മേജറായിരുന്നു ശോഭിതയുടെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം.
അതേസമയം, നടി സാമന്തയുമായി വേർപിരിഞ്ഞതിന് ശേഷം ഒട്ടേറെ ഗോസിപ്പ് കോളങ്ങളിൽ പലതരത്തിലുള്ള ഊഹങ്ങളും ചർച്ചയായിരുന്നുവെങ്കിലും നാഗചൈതന്യയുടെ പ്രണയം പുറത്തുവരുന്നത് ഇതാദ്യമായാണ്. വിവാഹമോചനത്തിന് പിന്നാലെ നാഗചൈതന്യ നടി തമന്നയുമായി പ്രണയത്തിലാണെന്നും ഗോസിപ്പ് ഉയർന്നിരുന്നു.
2017 ൽ വിവാഹിതരായ സാമന്ത റൂത്ത് പ്രഭുവും നാഗയും നാല് വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം 2021 ഒക്ടോബറിലാണ് വേർപിരിഞ്ഞത്. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചനം നടന്നത്. അക്കിനേനി കുടുംബം തന്നെ സാമന്തയെ മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് രംഗത്തെത്തിയതും ചർച്ചയായിരുന്നു.