മലയാള സിനിമയിലെ നെഗറ്റീവ് കഥാപാത്രങ്ങൾകൊണ്ട് പ്രശസ്തനാണ് താരം കൊല്ലം തുളസി എന്ന് അറിയപ്പെടുന്ന കെകെ തുളസീധരൻ നായർ. താരത്തിന്റെ സ്വകാര്യ ജീവിതവും ഈയടുത്ത് സോഷ്യൽമീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ സിനിമയിലെത്തു മുമ്പ് ജീവിതത്തിൽ സംഭവിച്ച മറക്കാനാകാത്ത സംഭവത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ.
ചെറുപ്പകാലത്ത് കിസാൻ ഫാക്ടറിയിൽ സഹായിയായിട്ടായിരുന്നു ജോലിയിൽ തുടക്കം. അക്കാലത്ത് സ്ഥിരമായി ഒരു മലയാളി ഹോട്ടലിൽ നിന്നായിരുന്നു ഭക്ഷണം. രാവിലെ ആഹാരം കഴിക്കുകയും ആഴ്ച്ചയിൽ ഒരിക്കൽ പണം കൊടുക്കുകയുമായിരുന്നു അന്ന് ചെയ്തിരുന്നത്.
ഇതിനിടെ ഒരുദിവസം രാവിലെ കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഹോട്ടലുടമ ഒരു യുവാവിനെ തല്ലുന്നതു കണ്ടു. ഇക്കാര്യം കണ്ട് വിവരം തിരക്കിയപ്പോഴാണ് ആഹാരം കഴിച്ചതിനു ശേഷം നൽകാൻ പണം ഇല്ലെന്ന് പറഞ്ഞതിനാണ് ഹോട്ടലുടമ ആ യുവാവിനെ തല്ലിയത് എന്നു മനസ്സിലായത്.
മലയാളി ഹോട്ടലായതുകൊണ്ടാണ് താൻ അവിടെ കയറിയെതെന്നും എന്തെങ്കിലും സഹായം പ്രതീക്ഷിച്ചാണ് വന്നതെന്ന് പറഞ്ഞിട്ടും ഹോട്ടലുടമയും തല്ലുകയായിരുന്നു. തല്ലരുത് അദ്ദേഹത്തിന്റെ പണം താൻ നൽകി കൊള്ളാമെന്നും തന്റെ കണക്കിൽ എഴുതിക്കൊള്ളാനും താൻ പറഞ്ഞു.
എന്നാൽ അഭിമാനത്തിനേറ്റ കോട്ടം കൊണ്ടാണോ പണമില്ലായ്മ കൊണ്ടാണോ എന്നൊന്നും അറിയില്ല, തന്നെ നോക്കി കൈകൂപ്പി നന്ദി പറഞ്ഞതിനു ശേഷം അദ്ദേഹം ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു.
അതേസമയം, അന്ന് ഭക്ഷണം നൽകാതെ ക്രൂരമായി മർദ്ദിച്ച ആ ഹോട്ടലുടമ പിന്നീട് മാരക രോഗങ്ങളാൽ ബുദ്ധിമുട്ടി. വിശന്നു വരുന്നവർക്ക് ആഹാരം നൽകുക. ഒരിക്കലും അതിന് കുറവ് കാണിക്കരുതെന്നും കൊല്ലം തുളസി പറഞ്ഞു.