ബോളിവുഡിലെ പ്രമുഖ നിർമ്മാതാവായ കരൺ ജോഹർ ഒരുക്കിയ തന്റെ 50-ാം ജന്മദിന പാർട്ടി കോവിഡ് ക്ലസ്റ്ററായി മാറിയെന്ന് റിപ്പോർട്ടുകൾ. മുംബൈയിലെ അന്ധേരി വെസ്റ്റിലുള്ള യാഷ് രാജ് ഫിലിംസ് സ്റ്റുഡിയോയിൽ ഗംഭീരമായി ജന്മദിനം കൊണ്ടാടിയെങ്കിലും പാർട്ടിയിൽ പങ്കെടുത്ത നിരവധി സെലിബ്രിറ്റികൾക്ക് കോവിഡ് ഇവിടെ നിന്നും വ്യാപിച്ചതായാണ് ബോളിവുഡ് ഹംഗാമ ഉൾപ്പടെയുള്ള മാധ്യമങ്ങളിലെ റിപ്പോർട്ട്.
കരണിന്റെ ക്ഷണം സ്വീകരിച്ച് ഹൃത്വിക് റോഷൻ, ഷാരൂഖ് ഖാൻ, കത്രീന കൈഫ്, കിയാര അദ്വാനി, ജാൻവി കപൂർ, മലൈക അറോറ, കരീന കപൂർ ഖാൻ തുടങ്ങി നിരവധി സെലിബ്രിറ്റികൾ പാർട്ടിക്കെത്തിയിരുന്നു. ഈ പരുപാടിയിൽ പങ്കെടുത്ത 50-55 അതിഥികളെ കോവിഡ്-19 ബാധിച്ചു എന്നാണ് റിപ്പോർട്ട്.
കരണിന്റെ ബോളിവുഡ് സിനിമാലോകത്തെ നിരവധി അടുത്ത സുഹൃത്തുക്കൾ പാർട്ടിക്ക് ശേഷം കോവിഡ് ബാധിതരാണ്. അവർ തന്നെ പോസിറ്റീവ് ആണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കരൺ ജോഹറിന്റെ പാർട്ടിയിൽ ഇല്ലാതിരുന്ന കാർത്തിക് ആര്യൻ കോവിഡ് പോസിറ്റീവ് ആയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഈ പാർട്ടിയിൽ പങ്കെടുത്ത ഒരു നടി കാർത്തിക്കിനൊപ്പം പുതിയ സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന് കോവിഡ് ബാധിച്ചത്.
അക്ഷയ് കുമാർ, കാർത്തിക് ആര്യൻ തുടങ്ങി നിരവധി സെലിബ്രിറ്റികൾ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ തങ്ങൾക്ക് വൈറസ് ബാധിച്ചതായി അറിയിച്ചിരുന്നു. കത്രീന കൈഫിന്റെ ഭർത്താവും നടനുമായ വിക്കി കൗശലിനും കോവിഡ് 19 ബാധിച്ചതായി പറയപ്പെടുന്നു.