ശ്രീ ഗോകുലം മൂവീസ് ബോളിവുഡിലേക്ക്; ഇന്ദ്രന്‍സ് ചിത്രം ‘ഉടല്‍’ റിലീസിന് മുന്നേ ഹിന്ദി റീമേക്ക് പ്രഖ്യാപിച്ച് ഗോകുലം ഗോപാലന്‍

കൊച്ചി: മലയാളത്തിലെ പ്രമുഖ സിനിമ നിര്‍മ്മാണ കമ്പനിയായ ശ്രീഗോകുലം മൂവീസ് ഹിന്ദി, തെലുങ്ക് സിനിമ ഇന്‍ഡസ്ട്രിയിലേക്ക്. മെയ് 20ന് റിലീസ് ആകുന്ന ഉടല്‍ എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആണ് ആദ്യം ചെയ്യുക.

ഉടലിന്റെ സംവിധായകന്‍ രതീഷ് രഘുനന്ദന്‍ തന്നെയായിരിക്കും ഹിന്ദി പതിപ്പിന്റെയും സംവിധാനം. ശ്രീ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ദ്രന്‍സ്, ധ്യാന്‍ ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ആണ്.

‘ ഉടല്‍ എന്ന സിനിമ കണ്ടതിന് ശേഷം നിരവധി അന്യഭാഷാ നിര്‍മ്മാതാക്കള്‍ റീമേക്ക് അവകാശം ചോദിച്ചു വിളിച്ചിരുന്നു. എന്നാല്‍ ഈ ചിത്രം ഗോകുലം മൂവീസ് തന്നെ ഹിന്ദി, തെലുങ്ക് ഭാഷകളില്‍ നിര്‍മ്മിക്കുകയാണ്. റീമേക്കിനായി ഞങ്ങളെ സമീപിച്ചവരോട് ഏറെ നന്ദിയുണ്ട്’, ഗോകുലം ഗോപാലന്‍ പറഞ്ഞു.

ചിത്രത്തില്‍ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കും. അവരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായി കഴിഞ്ഞു. ഉടല്‍ മലയാളം റിലീസിന് ശേഷം ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പ്രഖ്യാപിക്കുമെന്നും ഗോകുലം ഗോപാലന്‍ അറിയിച്ചു.

റിലീസിന് മുന്നേ വലിയ സ്വീകാര്യത കിട്ടിയ ചിത്രമാണ് ഉടല്‍. ചിത്രത്തിന്റെ ടീസര്‍ യൂട്യൂബില്‍ ട്രെന്‍ഡിങ് ആയിരുന്നു. സോഷ്യല്‍ മാധ്യമങ്ങളില്‍ ഇപ്പോഴും തരംഗമാണ് ടീസര്‍. ഇന്ദ്രന്‍സിന്റെ ഏറെ വ്യത്യസ്തമായ വേഷമാണ് ഉടലിലേത്. മെയ് 20നാണ് ചിത്രം റിലീസ് ആകുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
8075427760

Exit mobile version