തെന്നിന്ത്യയെ തന്നെ അമ്പരപ്പിച്ച മേയ്ക്കിങായിരുന്ന ‘ധ്രുവങ്കൾ പതിനാറ്’ എന്ന ചിത്രം. ഈ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ കാർത്തിക് നരേൻ എന്ന സംവിധായകൻ സിനിമാപ്രേമികളുടെ ഹൃദയത്തിലിടം പിടിച്ചു.
ആദ്യ ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ അരവിന്ദ് സ്വാമി, ശ്രിയ ശരൺ, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി നരഗാസുരൻ എന്ന സിനിമയും കാർത്തിക് നരേൻ ഒരുക്കിയിരുന്നു. എങ്കിലും,ചിത്രത്തിന്റെ നിർമ്മാതാവായ പ്രശസ്ത സംവിധായകൻ ഗൗതം മേനോനുമായുള്ള തർക്കത്തെ തുടർന്ന് ചിത്രം പുറത്തിറക്കാനായില്ല.
ഇപ്പോൾ തന്റെ ചിത്രം വാങ്ങാനാകുമോ എന്ന് കോടീശ്വരനായ വ്യവസായി ഇലോൺ മസ്കിനോട് ചോദിച്ചിരിക്കുകയാണ് കാർത്തിക് നരേൻ. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി പോസ്റ്റിലൂടെയാണ് കാർത്തിക് നരേൻ അഭ്യർഥന മുന്നോട്ടുവെച്ചിരിക്കുന്നത്.
നിങ്ങൾ ചൊവ്വയിൽ പോകുന്നതിന് മുൻപ് ചിത്രം വാങ്ങിയാൽ വലിയ പുണ്യം ആയിരിക്കുമെന്നാണ് കാർത്തിക് നരേൻ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിരിക്കുന്നത്. 4400 കോടി ഡോളറിന് ട്വിറ്ററിനെ പൂർണമായി ഏറ്റെടുത്ത് ഇലോൺ മസ്ക് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നതിനിടെയാണ് അഭ്യർഥനയുമായി കാർത്തിക് നരേൻ രംഗത്തെത്തിയിരിക്കുന്നത്. 2022 ഏപ്രിൽ വരെ ഏകദേശം 273 ബില്യൺ യുഎസ് ഡോളറാണ് മസ്കിന്റെ ആസ്തി.
Discussion about this post