ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ ഓര്‍മയായിട്ട് മൂന്ന് മാസങ്ങള്‍ പൂര്‍ത്തിയാകുന്നു. പാട്ട് പോലെ തന്നെ ലതാ മങ്കേഷ്കര്‍ കാത്ത് സൂക്ഷിച്ചിരുന്ന മൂല്യങ്ങളെക്കുറിച്ചും നിലപാടുകളെക്കുറിച്ചും വാചാലയാവുകയാണ് സഹോദരി ആശ ഭോസ്ലെ. 10 കോടി ഡോളര്‍ തന്നാലും കല്യാണങ്ങള്‍ക്ക് പാടരുത് എന്ന വിലപ്പെട്ട ഉപദേശം ലത തനിക്ക് നല്‍കിയിരുന്നതായി ലതാ മങ്കേഷ്കര്‍ പുരസ്കാര വേദിയില്‍ ആശ വെളിപ്പെടുത്തി.
“ഒരിക്കല്‍ ഒരു ഗംഭീര വിവാഹത്തിന് ഞങ്ങള്‍ക്കിരുവര്‍ക്കും ക്ഷണം ലഭിച്ചു. പത്ത് കോടി ഡോളര്‍ രൂപയായിരുന്നു വാഗ്ദാനം. ഞങ്ങള്‍ രണ്ടുപേരെയും പാടാനായി വേണമെന്നായിരുന്നു അവരുടെ ആവശ്യം. നിനക്ക് പാടാന്‍ ആഗ്രഹമുണ്ടോ എന്ന് ചേച്ചി എന്നോട് ചോദിച്ചു. ഞാന്‍ താല്പര്യമില്ല എന്ന് പറഞ്ഞപ്പോള്‍ ചേച്ചി ഉടന്‍ തന്നെ സംഘാടകരോട് ഞങ്ങള്‍ കല്യാണങ്ങള്‍ക്ക് പാടില്ല എന്ന് പറഞ്ഞു”. ആശ ഓര്‍മിച്ചു.
“സിനിമയില്‍ ഗായകരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ചേച്ചി എന്നും വാദിച്ചിരുന്നു. റെക്കോര്‍ഡുകളില്‍ ഗായകരുടെ പേര് വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് ചേച്ചിയാണ്. പിന്നീട് ആ പേരുകള്‍ സ്ക്രീനില്‍ എഴുതിക്കാണിച്ചു. ഗായകര്‍ക്ക് റോയല്‍റ്റിയും കിട്ടി. 104 ഡിഗ്രി പനിയുമായി തളര്‍ന്നിരിക്കുമ്പോള്‍ പോലും ചേച്ചി റെക്കോര്‍ഡിങ് മുടക്കിയിട്ടില്ല. അത്രയ്ക്ക് പ്രഫഷനലായിരുന്ന സമീപനമായിരുന്നു”. ആശ കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച മുംബൈയിലാണ് പ്രഥമ ലതാ മങ്കേഷ്കര്‍ പുരസ്കാര ദാനച്ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയാണ് ആദ്യ പുരസ്കാര ജേതാവ്.
Discussion about this post