താരകുടുംബങ്ങളും താരങ്ങളും അടക്കിവാഴുന്ന സിനിമാലോകത്ത് വ്യത്യസ്ത പാതയിലൂടെ സഞ്ചരിക്കുകയാണ് മാധവന്റെ മകൻ വേദാന്ത്. മാതാപിതാക്കളുടെ വഴിയേ സിനിമയിലേയ്ക്ക് മക്കൾ ചേക്കേറുമ്പോൾ അച്ഛന്റെ നിഴലിൽ ജീവിക്കേണ്ടെന്നാണ് വേദാന്തിന്റെ നിലപാട്. നീന്തൽ രംഗത്ത് സജീവമാകാനാണ് വേദാന്ത് ലക്ഷ്യമിടുന്നത്. ആർ മാധവനും ഭാര്യയും പൂർണ പിന്തുണ നൽകി ഒപ്പമുണ്ട്.
അന്താരാഷ്ട്ര നീന്തൽ താരമായ വേദാന്ത് ഇതിനകം നിരവധി മത്സരങ്ങളിൽ സ്വർണമെഡൽ അടക്കം സ്വന്തമാക്കിയിട്ടുണ്ട്. കോപ്പൻഹേഗനിൽ അടുത്തിടെ നടന്ന ഡാനിഷ് ഓപ്പൺ 2022 ൽ നീന്തൽ മത്സരത്തിൽ വേദാന്ത് സ്വർണം, വെള്ളി മെഡലുകൾ നേടിയിരുന്നു. അച്ഛന്റെ നിഴലിൽ ജീവിക്കാൻ തനിക്ക് ആഗ്രഹമില്ല. സ്വയം പേരെടുക്കാനാണ് തന്റെ ആഗ്രഹം. മാധവന്റെ മകൻ എന്ന നിലയിൽ മാത്രം തനിക്ക് അറിയപ്പെടേണ്ടെന്നും വേദാന്ത് പറയുന്നു.
തന്റെ സ്വപ്നങ്ങൾക്ക് വേണ്ടി മാതാപിതാക്കളുടെ പിന്തുണയും അവരുടെ ത്യാഗവും എത്രത്തോളമുണ്ടെന്നും വേദാന്ത് കൂട്ടിച്ചേർത്തു. എന്നും തനിക്കൊപ്പം നിന്നവരാണ് അച്ഛനും അമ്മയും. ഒരുപാട് ത്യാഗങ്ങൾ അവർ ചെയ്തിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ദുബായിലേക്ക് താമസം മാറാനുള്ള അവരുടെ തീരുമാനം. വേദാന്തിന് ഒളിമ്പിക്‌സിന് വേണ്ടി തയ്യാറെടുക്കാനായാണ് മാധവനും ഭാര്യയും മകനൊപ്പം കഴിഞ്ഞ വർഷം ദുബായിലേക്ക് താമസം മാറിയത്.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഇന്ത്യയിലെ പ്രധാന നീന്തൽ പരിശീലന കേന്ദ്രങ്ങളെല്ലാം അടച്ചതോടെയാണ് കുടുംബത്തോടൊപ്പം ദുബായിലേക്ക് ചേക്കേറിയത്.
ഡാനിഷ് ഓപ്പണിൽ 800 മീറ്റർ നീന്തലിലാണ് വേദാന്ത് സ്വർണമെഡൽ സ്വന്തമാക്കിയത്. ഇന്ത്യയ്ക്കു വേണ്ടി മറ്റൊരു മത്സരത്തിൽ വെള്ളി മെഡലും വേദാന്ത് സ്വന്തമാക്കിയിരുന്നു. 2026 ഒളിമ്പിക്‌സിലേക്കാണ് വേദാന്ത് ഇപ്പോൾ തയ്യാറെടുക്കുന്നത്.