തിരുവനന്തപുരം: മലയാളത്തിന്റെ ഇതിഹാസതാരം പ്രേം നസീറിന്റെ ചിറയിൻകീഴിലെ വീടും സ്ഥലവും വിൽപനയ്ക്ക് എന്ന വാർത്ത നിഷേധിച്ച് കുടുംബം രംഗത്ത്. വീട് കാട് കയറിയ നിലയിലാണെന്ന് പറയുന്നത് തെറ്റാണെന്നും പ്രേം നസീറിന്റെ സഹോദരി അനീസ ബീവി പ്രതികരിച്ചു.
മാധ്യമങ്ങളിൽ വരുന്ന വാർത്ത നൽകിയത് ആരാണെന്ന് തനിക്കോ കുടുംബത്തിലുള്ളവർക്കോ അറിയില്ല. വീട് വിൽക്കാൻ ഒരുങ്ങുന്നുവെന്ന വാർത്ത തെറ്റാണെന്നും ഇളയ സഹോദരിയായ അനീസ ബീവി പറഞ്ഞു. നേരത്തെ, വീട് വിൽക്കുന്നതിൽ പ്രതിഷേധവുമായി നാട്ടുകാരെത്തിയിരുന്നു.
അതേസമയം, ലൈല കോട്ടേജ് എന്ന ഈ വീട് സൗജന്യമായി നൽകിയാൽ സർക്കാർ സംരക്ഷിക്കാമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അഭിപ്രായപ്പെട്ടു. വിലയ്ക്കെടുക്കേണ്ടത് സർക്കാർ കൂട്ടമായി തീരുമാനിക്കേണ്ട കാര്യമാണ്. സൗജന്യമായി നൽകിയാൽ സർക്കാർ സംരക്ഷിക്കുമെന്നും സജി ചെറിയാൻ പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ ദേശീയപാതയിൽ കോരാണിയിൽ നിന്നു ചിറയിൻകീഴിലേക്കുള്ള വഴിയിലാണ് വീടുള്ളത്. പ്രേം നസീറിന്റെ ഇളയമകൾ റീത്തയുടെ മകൾ രേഷ്മയുടെ ഉടമസ്ഥതയിലാണ് നിലവിൽ ലൈല കോട്ടേജ്. 1956ലാണ് പ്രേം നസീർ ഈ വീട് പണിതത്. ചിറയൻകീഴിലെ ആദ്യ ഇരുനില വീടാണിത്. രണ്ട് നിലകളിലുമായി 8 മുറികളാണ് വീട്ടിലുള്ളത്. പ്രേം നസീറും ഭാര്യ ഹബീബ ബീവിയും മക്കളായ ലൈല, റസിയ, ഷാനവാസ്, റീത്ത എന്നിവരുമാണ് ഇവിടെ താമസിച്ചിരുന്നത്.
വർഷങ്ങൾക്കു മുമ്പ് റീത്തയുടെ മകൾക്ക് വിദേശത്ത് വീട് വയ്ക്കുന്ന സമയത്ത് ചിറയിൻകീഴിലെ വീടുവിൽക്കാൻ ആലോചിച്ചിരുന്നു. എന്നാൽ 50 സെന്റ് വീടിന് 6 കോടി രൂപയാണ് വിലയിട്ടത്. ആ തുകയ്ക്ക് വിൽപന നടക്കാതെ വന്നതോടെ ആ ശ്രമം ഉപേക്ഷിച്ചു. നിലവിൽ വീട് വിൽക്കുന്നത് സംബന്ധിച്ച് ആലോചിച്ചിട്ടില്ല. സർക്കാരിന് ആവശ്യമെങ്കിൽ ഈ തുക നൽകി വീട് വാങ്ങട്ടെ എന്നും അനീസ ബീവി പറഞ്ഞു.
Discussion about this post