കൊച്ചി : പ്രശസ്ത തിരക്കഥാകൃത്തും നിര്‍മാതാവുമായ ജോണ്‍ പോള്‍(71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആയിരുന്നു അന്ത്യം. നൂറോളം ചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതിയ ഇദ്ദേഹം നിരവധി ചലച്ചിത്ര ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്.
കാതോട് കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓര്‍മയ്ക്കായി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ചമയം, കേളി എന്നിങ്ങനെ നൂറോളം ചിത്രങ്ങള്‍ ജോണ്‍ പോളിന്റെ തിരക്കഥയില്‍ ഒരുങ്ങിയവയാണ്. സംവിധായകന്‍ ഭരതന് വേണ്ടിയാണ് ഏറ്റവുമധികം തിരക്കഥകളെഴുതിയിരിക്കുന്നത്. കമല്‍ സംവിധാനം ചെയ്ത കടല്‍ ആണ് ഒടുവില്‍ തിരക്കഥ രചിച്ച ചിത്രം.
സ്‌കൂള്‍ അധ്യാപകനായിരുന്ന പുതുശ്ശേരി പിവി പൗലോസിന്റെയും റബേക്കയുടെയും അഞ്ച് മക്കളില്‍ നാലാമനായി 1950 ഒക്ടോബര്‍ 29ന് എറണാകുളത്താണ് ജോണ്‍ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ഇക്കണോമിക്‌സില്‍ ബിരുദാനന്തര ബിരുദം നേടി. കാനറാ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയില്‍ സജീവമായപ്പോള്‍ ജോലി രാജി വച്ചു. ഫിലിം സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ജോണ്‍ പോള്‍ മാക്ട സംഘടനയുടെ സ്ഥാപക സെക്രട്ടി കൂടിയാണ്. ഐഷ എലിസബത്താണ് ഭാര്യ. മകള്‍ ജിഷ ജിബി.