ആരാധകര്‍ ഏറെ കാത്തിരുന്ന രണ്‍ബീര്‍-ആലിയ വിവാഹത്തിന്റെ വിശേഷങ്ങള്‍ ഉടനെയൊന്നും അവസാനിക്കാന്‍ സാധ്യതയില്ല. ഓരോ ദിവസവും പുറത്ത് വരുന്ന വിവാഹച്ചിത്രങ്ങളും വീഡിയോകളുമെല്ലാം ആഘോഷമാക്കുകയാണ് സോഷ്യല്‍മീഡിയ. വിവാഹം നടക്കുന്നതെവിടെ, ആരൊക്കെയാണ് ക്ഷണം ലഭിച്ചവര്‍, ഇതുവരെ എന്തൊക്കെ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി എന്നിങ്ങനെ ഓരോ നിമിഷവും അപ്ഡേറ്റഡ് ആയാണ് ആരാധകര്‍ ദിവസങ്ങള്‍ കഴിച്ചത്. വിവാഹത്തിന് ആലിയ ധരിക്കുക മനീഷ് മല്‍ഹോത്രയുടെ ഡിസൈന്‍ ആണോ അതോ സബ്യസാചി ആണോ എന്നത് മാത്രമാണ് അവസാനം വരെ നിലനിന്ന സസ്പെന്‍സ്. വിവാഹത്തിന് സബ്യസാചി ഡിസൈന്‍ ആണ് ആലിയ തിരഞ്ഞെടുത്തതെങ്കിലും മെഹന്ദിയില്‍ മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത പിങ് ലെഹംഗയായിരുന്നു ആലിയയുടെ വേഷം. ഇപ്പോഴിതാ ആലിയ മെഹന്ദിക്ക് ധരിച്ച ആ ലെഹംഗയ്ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയ.
കശ്മീരി-ചിങ്കാരി നൂലുകള്‍ ഉപയോഗിച്ച് നെയ്ത ഫ്യൂഷ പിങ്ക് നിറത്തിലുള്ള ലെഹംഗയായിരുന്നു ആലിയയുടെ മെഹന്ദി വേഷം. ആലിയയുടെ താല്പ്യപ്രകാരം സുസ്ഥിര ഫാഷന്‍ എന്ന സങ്കല്പം പിന്തുടര്ന്ന് ഒരുക്കിയ ലെഹംഗയില്‍ ഇന്ത്യയുടെ വസ്ത്ര വൈവിധ്യം നിറയുന്നു. കശ്മീര്‍, ബനാറസ്, ഗുജറാത്ത്, കാഞ്ചീപുരം എന്നിവിടങ്ങളില്‍ നിന്നുള്‍പ്പടെ ഇന്ത്യയുടെ ഓരോ കോണുകളില്‍ നിന്നുമെത്തിച്ച, ഉപയോഗ ശേഷം ബാക്കിയായ 180 തുണിക്കഷണങ്ങള്‍ കൊണ്ടാണ് മനീഷ് മല്‍ഹോത്ര ലെഹംഗ ഒരുക്കിയത്. മിജ്വാനിലെ സ്ത്രീകള്‍ 3000 മണിക്കൂറുകളെടുത്ത് തുന്നിയ ലെഹംഗയില്‍ ആലിയയുടെ ജീവിതത്തിലെ പ്രധാന ഓര്‍മകള്‍ പ്രതീകാത്മകമായും ആവിഷ്കരിച്ചിട്ടുണ്ട്.
ലെഹംഗയുടെ ബ്ലൗസിലെ സീക്വന്‍സുകള്‍ കച്ചില്‍ നിന്ന് പ്രത്യേകം എത്തിച്ചവയാണ്. സ്വര്‍ണവും വെള്ളിയും കൊണ്ടുള്ള അലങ്കാരപ്പണികളും വസ്ത്രത്തിന് മാറ്റ് കൂട്ടുന്നു. ലെഹംഗയ്ക്ക് ചേരുന്ന പോള്‍കി, എമറാള്‍ഡ് നെക്ലേസ് അണിഞ്ഞാണ് ആലിയ ചടങ്ങിനെത്തിയത്. ആലിയയുടേതിനോട് ചേര്‍ന്ന് നില്ക്കുന്ന പിങ്ക് നിറത്തിലുള്ള കുര്‍ത്തയും ബോട്ടവുമായിരുന്നു രണ്‍ബീറിന്റെ വേഷം. സബ്യസാചിയുടെ എത്നിക് ഡിസൈനര്‍ സെറ്റിനൊപ്പം പിങ്ക് നിറത്തിലുള്ള നെഹ്റു ജാക്കറ്റും രണ്‍ബീര്‍ ധരിച്ചിരുന്നു.
Discussion about this post