ലോസ് ഏഞ്ചല്‍സ് : ഓസ്‌കാര്‍ വേദിയില്‍ അവതാരകന്‍ ക്രിസ് റോക്കിനെ മുഖത്തടിച്ച സംഭവത്തില്‍ ഹോളിവുഡ് നടന്‍ വില്‍ സ്മിത്തിനെതിരെ നടപടിയുമായി അക്കാഡമി. ഓസ്‌കര്‍ ചടങ്ങുകളില്‍ നിന്ന് വില്‍ സ്മിത്തിനെ പത്ത് വര്‍ഷത്തേക്ക് വിലക്കിയതായി സംഘാടകരായ അക്കാഡമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് അറിയിച്ചു.
ഓസ്‌കറില്‍ നിന്നും അക്കാഡമിയുടെ മുഴുവന്‍ പരിപാടികളില്‍ നിന്നുമാണ് വിലക്ക്. ഇന്നലെ നടന്ന അക്കാഡമി ഗവര്‍ണര്‍മാരുടെ യോഗത്തിലാണ് തീരുമാനം. വില്‍ ചെയ്തത് ദോഷകരമായ പെരുമാറ്റമാണെന്ന് അക്കാഡമി വിലയിരുത്തി. അക്കാഡമിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നെന്നും നടപടി അംഗീകരിക്കുന്നുവെന്നും സ്മിത്ത് പ്രതികരിച്ചു.
മാര്‍ച്ച് 27ന് നടന്ന 94ാമത് ഓസ്‌കാര്‍ നിശയിലായിരുന്നു അപ്രതീക്ഷിത സംഭവങ്ങള്‍. തല മൊട്ടയടിച്ച ഭാര്യ ജെയ്ദ പിങ്കറ്റിനെ അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്ക് കളിയാക്കിയതാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. തലയില്‍ മുടിയില്ലാത്ത ജയ്ദ ജി.എ ജെയ്ന്‍ എന്ന സിനിമയിലെ നായികാ വേഷത്തിന് ചേരും എന്നായിരുന്നു ക്രിസ് റോക്കിന്റെ പരാമര്‍ശം. ഇത് കേട്ട് ക്ഷുഭിതനായ വില്‍ സ്മിത്ത് സ്റ്റേജില്‍ കയറി ക്രിസിന്റെ മുഖത്തടിക്കുകയായിരുന്നു. എന്റെ ഭാര്യയുടെ പേര് നിന്റെ നാവ് കൊണ്ട് പറഞ്ഞുപോകരുതെന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു. ക്രിസിന്റെ പരാമര്‍ശം കേട്ട് സ്മിത്ത് ആദ്യം ചിരിക്കുന്നുണ്ടെങ്കിലും ജെയ്ദയുടെ മുഖം മാറിയതിന് പിന്നാലെയായിരുന്നു സ്മിത്തിന്റെ പ്രവൃത്തി.
സംഭവത്തിന് ശേഷം വില്‍ സ്മിത്ത് അക്കാഡമിയോട് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ നടന്റെ പ്രവൃത്തി അതിര് കടന്നെന്നും ലോകമെങ്ങും കാണുന്ന ഒരു പ്രധാനപ്പെട്ട വേദിയെ അപമാനിച്ചുവെന്നും വിലയിരുത്തി അക്കാഡമി സ്മിത്തിനെതിരെ നടപടിയെടുക്കണമെന്ന തീരുമാനത്തില്‍ മുന്നോട്ട് പോവുകയായിരുന്നു.