ആരാധകർ റിലീസിനായി കാത്തിരിക്കുന്ന വിജയ് ചിത്രം ‘ബീസ്റ്റ്’ റിലീസ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് രംഗത്ത്. ചിത്രത്തിൽ മുസ്ലീമുകളെ തീവ്രവാദികളായി ചിത്രീകരിക്കുകയാണെന്നും അതിനാൽ തമിഴ്‌നാട്ടിൽ ചിത്രത്തിന്റെ പ്രദർശനം നിരോധിക്കണം എന്നുമാണ് മുസ്ലീം ലീഗിന്റെ ആവശ്യം.
ഇക്കാര്യം ഉന്നയിച്ച് മുസ്ലിം ലീഗ് തമിഴ്നാട് അധ്യക്ഷൻ വിഎംഎസ് മുസ്തഫ സംസ്ഥാന ആഭ്യന്തര സെക്രട്ടറി എസ്‌കെ പ്രഭാകറിനു കത്തു നൽകി. ബോംബാക്രമണത്തിനും വെടിവെപ്പുകൾക്കും പിന്നിൽ മുസ്ലിംകൾ മാത്രമാണെന്ന തരത്തിൽ സിനിമകളിൽ വളച്ചൊടിക്കപ്പെടുന്നത് ഖേദകരമാണെന്ന് കത്തിൽ പറയുന്നു.
‘ബീസ്റ്റ്’ പ്രദർശനത്തിനെത്തിയാൽ അത് അസാധാരണ സാഹചര്യത്തിലേക്കു നയിക്കുമെന്നും കത്തിൽ പറയുന്നുണ്ട്. അതേസമയം, കഴിഞ്ഞ ദിവസം കുവൈറ്റ് ബീസ്റ്റിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇക്കാര്യവും മുസ്ലീം ലീഗ് ചൂണ്ടിക്കാണിക്കുന്നുണ്ട്.
ഈ മാസം 13നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. വിജയിയുടെ സിനിമാ കരിയറിലെ 65മത്തെ ചിത്രമാണ് ബീസ്റ്റ്. ചെന്നൈയിലെ ഒരു മാൾ ടെററിസ്റ്റുകൾ ഹൈജാക്ക് ചെയ്തതിന് പിന്നാലെയുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
‘വീരരാഗവൻ’ എന്നാണ് വിജയിയുടെ കഥാപാത്രത്തിന്റെ പേര്. സർക്കാരും അധികൃതരും നിസഹായരായ സാഹചര്യത്തിൽ മാളിൽ അകപ്പെട്ടവർക്ക് രക്ഷകനായി എത്തുന്നത് വിജയ് ആണ്. ചിത്രത്തിന്റെ ടീസറിനും വലിയ സ്വീകരണമാണ് ലഭിച്ചത്.