ഹൈദരാബാദ് : ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ് രാജമൗലി ചിത്രം ആര്‍ആര്‍ആര്‍. റിലീസ് ചെയ്ത് പത്ത് ദിവസത്തിനകം 900 കോടി കളക്ഷന്‍ ചിത്രം നേടിയെന്നാണ് കണക്കുകള്‍. ഏറ്റവും വരുമാനം നേടിയ ഇന്ത്യന്‍ സിനിമകളുടെ പട്ടികയില്‍ ആറാമതാണ് ഇപ്പോള്‍ തന്നെ ചിത്രം.
ഇപ്പോഴിതാ ചിത്രത്തിന്റെ വിജയം അണിയറപ്രവര്‍ത്തകര്‍ക്ക് സ്വര്‍ണനാണയം നല്‍കി ആഘോഷിച്ചിരിക്കുകയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാംചരണ്‍. ക്യാമറ അസിസ്റ്റന്റ്‌സ്, പ്രൊഡക്ഷന്‍ മാനേജര്‍മാര്‍, അക്കൗണ്ടന്റ്‌സ്, സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്‌സ് എന്നിങ്ങനെ അണിയറയില്‍ പ്രവര്‍ത്തിച്ച മുപ്പിത്തയഞ്ചോളം പേരെ രാംചരണ്‍ വിരുന്നിനായി ക്ഷണിച്ചിരുന്നു. ഇവര്‍ക്ക് ഓരോരുത്തര്‍ക്കും ഒരു കിലോയുടെ മധുരമടങ്ങിയ പെട്ടിയും ഇതിനൊപ്പം പത്ത് ഗ്രാം വീതം വരുന്ന സ്വര്‍ണനാണയവും സമ്മാനിച്ചാണ് നടന്‍ തിരികെ അയച്ചത്. ഒരു വശത്ത് ചിത്രത്തിന്റേതും മറുവശത്ത് രാംചരണിന്റെ പേരും ആലേഖനം ചെയ്തതാണ് നാണയം.
സമ്മാനം കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകലോകം. സിനിമയില്‍ മാത്രമല്ല ജീവിതത്തിലും ഹീറോയാണെന്ന് തെളിയിച്ചിരിക്കുകയാണ് രാംചരണ്‍ എന്നാണ് എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്നത്. ചിത്രത്തിന്റെ വിജയം അണിയറപ്രവര്‍ത്തകരില്ലാതെ സാധ്യമാകില്ലായിരുന്നുവെന്നും അവരുടെ പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണെന്നും രാംചരണ്‍ നേരത്തേ പറഞ്ഞിരുന്നു.
രാം ചരണിനെ കൂടാതെ ജൂനിയര്‍ എന്‍ടിആര്‍ ആണ് ചിത്രത്തില്‍ മറ്റൊരു പ്രധാനവേഷം ചെയ്യുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ശ്രീയ സരണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ,മലയാളം എന്നീ ഭാഷകള്‍ക്ക് പുറമേ വിദേശ ഭാഷകളിലും ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്.