കൂട്ടുകാർ പറഞ്ഞു ഇരട്ടപെൺകുട്ടികളെന്ന്; ഒരാളെ കിട്ടുമെന്ന് വിചാരിച്ചു, ഒടുവിൽ ആർച്ച ആരോമൽ ആയ കഥ പറഞ്ഞ് സീമ ജി നായർ

നടി ശരണ്യയുടെ രോഗാവസ്ഥയെ കുറിച്ച് പുറംലോകത്തെ അറിയിച്ചതിലൂടെയാണ് നടി സീമ ജി നായരെ മിക്കവരും ശ്രദ്ധിച്ചിട്ടുണ്ടാവുക. സീമയുടെ നന്മ നിറഞ്ഞ മനസാണ് ശരണ്യയ്ക്ക് അവസാന കാലത്തും തുണയായത്. ഇപ്പോഴിതാ സീമ ജി നായർ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ കുറിച്ചും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

തന്റെ മകൻ അപ്പുവിന്റെ പിറന്നാൾ ദിനത്തെ കുറിച്ചാണ് താരം പറയുന്നത്. പെൺകുട്ടി വേണമെന്ന് ആഗ്രഹിച്ചെങ്കിലും ഒടുവിൽ ആൺകുട്ടിയെ ലഭിച്ചതിനെ കുറിച്ച് മകന്റെ ജന്മദിനത്തിൽ തുറന്നു പറയുകയാണ് സീമ.

സീമ ജി നായരുടെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം..

എന്റെ മോൻ അപ്പുവിന്റെ പിറന്നാൾ ആണിന്ന്.. തീയതി അല്ല, നക്ഷത്രം.. 1997 ഏപ്രിൽ 8 (മീനമാസത്തിലെ അശ്വതി നക്ഷത്രത്തിൽ ആയിരുന്നു ജനനം) തിരുവല്ല പുഷ്പഗിരിയിലെ ഡോക്ടർ സിസ്റ്റർ ജോസിറ്റയായിരുന്നു എന്റെ ഡോക്ടർ.. അവനെ ഉച്ചക്ക് 1.24ന് എന്റെ കൈകളിലേക്ക് തരുമ്പോൾ സ്ത്രീ എന്ന നിലയിൽ എന്റെ ജീവിതത്തിനു പൂർണ്ണത വരികയായിരുന്നു.. പെൺകുഞ്ഞു വേണമെന്നായിരുന്നു ആഗ്രഹം, പേരും തീരുമാനിച്ചു വെച്ചു ‘ആർച്ച ‘യെന്ന്.. അന്നെനിക്ക് നല്ല വയർ ഉണ്ടായിരുന്നു.. എന്നെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തയുടനെ എന്റെ കൂട്ടുകാർ വിളിച്ചു ബന്ധുക്കളോടു പറഞ്ഞു സീമക്ക് ഇരട്ട പെൺകുട്ടികൾ എന്ന്.. കാറും പിടിച്ചു ഹോസ്പിറ്റലിൽ എത്തിയ ബന്ധുക്കൾക്ക് കൂളായി ആശുപത്രി വരാന്തയിൽ നടക്കുന്ന എന്നെയാണ് കാണാൻ കഴിഞ്ഞത്.. അതൊക്കെ കൂട്ടുകാരുടെ തമാശ.. രണ്ട് പെൺകുട്ടികളെ കിട്ടിയില്ലേലും ഒരാളെ കിട്ടുമെന്ന് വിചാരിച്ചു.. അപ്പോളാണ് ഇയാളുടെ വരവ് ??അങ്ങനെ ആർച്ച ?? ആരോമൽ ആയി.. ആഗ്രഹം തീർക്കാൻ കുഞ്ഞു ആരോമലിനെ പെൺ വേഷം കെട്ടിച്ചു ഫോട്ടോ എടുത്തു തൃപ്തിയായി.. കുഞ്ഞിലേ കുറെ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഈശ്വരന്റെ കൃപയാൽ എല്ലാം ശരിയായി.. അപ്പുവിന്റെ പിറന്നാളും പ്രശസ്തമായ കൊടുങ്ങല്ലൂർ അശ്വതി കാവുതീണ്ടലും ഇന്നാണ്.. എന്റെ മോന് എല്ലാ നന്മകളും നേരുന്നു.. ഈ കുറിപ്പിൽ നിന്നും ഇനി സോഷ്യൽ മീഡിയയിൽ എത്ര ഉപകഥകൾ ഉണ്ടാകുമെന്നറിയില്ല ??എല്ലാവർക്കും നന്മകൾ നേരുന്നു..

Exit mobile version