ആശുപത്രിക്കിടക്കയിൽ കിടന്ന് മമ്മൂട്ടിയെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കുഞ്ഞ് ആരാധികയുടെ ജന്മദിനത്തിൽ തന്നെ എത്തി ആഗ്രഹം സാധിച്ചുകൊടുത്ത് മെഗാസ്റ്റാർ മമ്മൂട്ടി. നാളെ തന്റെ ജന്മദിനമാണെന്നും മമ്മൂട്ടി അങ്കിൾ എന്നെയൊന്ന് കാണാൻ വരുമോ എന്നും ആശുത്രിക്കിടക്കയിൽ നിന്ന് ചോദിക്കുന്ന കുട്ടിയുടെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വ്യാപകമായി നിറഞ്ഞിരുന്നു.
എന്നാൽ, ഇതിനിടെ, ഇതേ ആശുപത്രിയിൽ യാദൃച്ഛികമായി എത്തിയ മമ്മൂട്ടിയോട് ഡോക്ടർമാർ ഇക്കാര്യം പറഞ്ഞപ്പോൾ ഉടനെ തന്റെ കൊച്ചു ആരാധികയെ കാണാൻ സൂപ്പർ താരം ഓടി എത്തുകയായിരുന്നു. കുട്ടിയുടെ ആഗ്രഹം അറിഞ്ഞ മമ്മൂട്ടി കിടക്കയ്ക്ക് അരികിലെത്തി പിറന്നാൾ ആശംസകൾ നേർന്നു.
നിർമാതാവ് ആന്റോ ജോസഫും പഴ്സനൽ അസിസ്റ്റന്റെ എസ്.ജോർജും മമ്മൂട്ടിക്ക് ഒപ്പമുണ്ടായിരുന്നു. കുഞ്ഞ് ആരാധികയുടെ ഒപ്പം നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഓർമ നഷ്ടപ്പെടുന്ന അപൂർവരോഗമാണ് കുഞ്ഞിനെ ബാധിച്ചിരിക്കുന്നത്. നിലവിൽ ആസ്റ്റർ മെഡിസിറ്റിയിൽ ചികിൽസയിൽ കഴിയുകയാണ് കുട്ടി.
Discussion about this post