ലോസ് ഏഞ്ചല്‍സ് : ഓസ്കര് വേദിയില്‍ വെച്ച് അവതാരകന് ക്രിസ് റോക്കിനെ മുഖത്തടിച്ച സംഭവത്തില്‍ ഹോളിവുഡ് നായകന് വില്‍ സ്മിത്തിനെതിരെ നടപടിക്കൊരുങ്ങി അക്കാഡമി. അച്ചടക്കി നടപടി എടുക്കാനാണ് അക്കാഡമി ആലോചിക്കുന്നത്. ഏപ്രില്‍ 18ന് ചേരുന്ന യോഗത്തില്‍ തീരുമാനമെടുക്കും.
ഞായറാഴ്ച നടന്ന 94ാമത് ഓസ്കാര്‍ നിശയിലായിരുന്നു അപ്രതീക്ഷിത സംഭവങ്ങള്‍. തല മൊട്ടയടിച്ച ഭാര്യ ജെയ്ദ പിങ്കറ്റിനെ അവതാരകനും കൊമേഡിയനുമായ ക്രിസ് റോക്ക് കളിയാക്കിയതാണ് വില്‍ സ്മിത്തിനെ ചൊടിപ്പിച്ചത്. തലയില്‍ മുടിയില്ലാത്ത ജയ്ദ ജി.എ ജെയ്ന്‍ എന്ന സിനിമയിലെ നായികാ വേഷത്തിന് ചേരും എന്നായിരുന്നു ക്രിസ് റോക്കിന്റെ പരാമര്‍ശം. ഇത് കേട്ട് ക്ഷുഭിതനായ വില്‍ സ്മിത്ത് സ്റ്റേജില്‍ കയറി ക്രിസിന്റെ മുഖത്തടിക്കുകയായിരുന്നു. എന്റെ ഭാര്യയുടെ പേര് നിന്റെ നാവ് കൊണ്ട് പറഞ്ഞുപോകരുതെന്ന് ശക്തമായി താക്കീത് ചെയ്യുകയും ചെയ്തു. ക്രിസിന്റെ പരാമര്‍ശം കേട്ട് സ്മിത്ത് ആദ്യം ചിരിക്കുന്നുണ്ടെങ്കിലും ജെയ്ദയുടെ മുഖം മാറിയതിന് പിന്നാലെയായിരുന്നു സ്മിത്തിന്റെ പ്രവൃത്തി.
സംഭവത്തിന് ശേഷം വില്‍ സ്മിത്ത് അക്കാഡമിയോട് മാപ്പ് പറഞ്ഞിരുന്നു. എന്നാല്‍ നടന്റെ പ്രവൃത്തി അതിര് കടന്നെന്നും ലോകമെങ്ങും കാണുന്ന ഒരു പ്രധാനപ്പെട്ട വേദിയെ അപമാനിച്ചുവെന്നും വിലയിരുത്തി അക്കാഡമി സ്മിത്തിനെതിരെ നടപടിയെടുക്കണമെന്ന തീരുമാനത്തില്‍ മുന്നോട്ട് പോവുകയായിരുന്നു. ഏപ്രില്‍ 18ന് അടുത്ത ബോര്‍ഡ് മീറ്റിങ്ങില്‍ നടനെതിരെ നടപടിയെടുക്കുമെന്നാണ് അക്കാഡമി അറിയിച്ചിരിക്കുന്നത്.
Discussion about this post