മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്. സംഭവം നടന്ന് വർഷങ്ങൾ പിന്നിടുമ്പോഴും കേസിൽ വിചാരണയും തുടരന്വേഷണവും നടക്കുകയാണ്. ഇതിനിടെ കേസിൽ പ്രതിയായ ദിലീപിനെ പിന്തുണച്ചും തള്ളി കളഞ്ഞും ധാരാളം പേർ രംഗത്തെത്തുകയും ചെയ്തു. കേസിൽ തുടക്കം മുതൽ ദിലീപിനെ പിന്തുണയ്ക്കുകയും ആക്രമിക്കപ്പെട്ട നടിയെ പലപ്പോഴും അപമാനിക്കുകയും ചെയ്ത നടൻ സിദ്ധീഖ് ഒടുവിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സഹായം ചോദിച്ച് വിളിക്കുന്ന സുഹൃത്ത്, അയാൾ തെറ്റുചെയ്തിട്ടുണ്ടെങ്കിൽ പോലും കൈവിടാനാകില്ലെന്നാണ് റെഡ് എഫ് എമ്മിന് നൽകിയ അഭിമുഖത്തിൽ സിദ്ധീഖ് പറയുന്നത്.
സിദ്ധീഖിന്റെ വാക്കുകൾ:
‘എന്റെ ഒരു അടുത്ത സുഹൃത്ത്, അദ്ദേഹവുമായി ബന്ധപ്പെട്ട് ഒരു ഇൻസിഡന്റ് നടന്നു. അദ്ദേഹം എന്നെ വിളിക്കുകയാണ്, എനിക്ക് ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ട്, ഇക്ക അതിനകത്ത് എന്നെ ഒന്ന് ഹെൽപ് ചെയ്യണം എന്ന് പറഞ്ഞാൽ പിന്നെ എനിക്കിഷ്ടം അദ്ദേഹം പറയുന്ന കാര്യങ്ങൾ വിശ്വസിക്കാനാണ്. കാരണം അദ്ദേഹം എന്റെ സഹായമാണ് ചോദിച്ചിരിക്കുന്നത്. അയാൾ എന്റെ സുഹൃത്താണ്. ചിലപ്പോൾ അയാളുടെ ഭാഗത്ത് തെറ്റുകളുണ്ടാകാം.
ഇപ്പോൾ ഷാരൂഖ് ഖാന്റെ മകൻ മയക്കുമരുന്ന് കേസിൽ പെട്ടു. ഷാരൂഖ് ഖാൻ ഉടൻ തന്നെ ഇവൻ എന്റെ മകനല്ല എന്ന് പറഞ്ഞ് തള്ളുകയല്ലല്ലോ ചെയ്തത്. മകനെ എങ്ങനെ ഇറക്കിക്കൊണ്ടുവരാം എന്നാണ് ആലോചിച്ചിട്ടുണ്ടാകുക. മകൻ ചിലപ്പോൾ മയക്കുമരുന്ന് ഉപയോഗിച്ചിരിക്കാം, ഇല്ലാതിരിക്കാം. അയാൾ ഒരു സ്ഥലത്ത് ചെന്നുപെട്ടു. പക്ഷേ ഷാരൂഖ് ഖാൻ നോക്കുന്നത് എന്താണ് എന്റെ മകൻ പെട്ട ഒരു അപകടത്തിൽ നിന്ന് എനിക്ക് അവനെ രക്ഷിക്കണം എന്നാണ്. എന്നപോലെ എന്റെ ഒരു സുഹൃത്ത് ഒരു അപകടത്തിൽപ്പെട്ടാൽ, ഞാൻ അദ്ദേഹത്തെ സഹായിക്കേണ്ട ആളാണെന്ന് എനിക്ക് തോന്നിയാൽ പിന്നെ ഞാൻ ഒപ്പം നിൽക്കുകയെന്നുള്ളതാണ്. അദ്ദേഹത്തിനെതിരെ വരുന്ന കാര്യങ്ങളെ ഞാൻ ചിലപ്പോൾ ഡിഫന്റ് ചെയ്യേണ്ടി വരും. അതാണ് നിലപാട്. ശരിയാണ് അയാൾക്ക് കുഴപ്പങ്ങളുണ്ടാകും. അയാൾ പ്രശ്‌നത്തിൽപ്പെട്ടുപോയി. ചിലപ്പോൾ അയാൾ ശിക്ഷിക്കപ്പെടുമായിരിക്കും. ശിക്ഷിക്കട്ടെ, ശിക്ഷകഴിഞ്ഞ് തിരിച്ചുവരുമ്പോഴും അയാൾ എന്റെ സുഹൃത്തല്ലാതാവുന്നില്ലല്ലോ.’- സിദ്ധീഖ് ന്യായീകരിക്കുന്നു.
‘എന്റെ സുഹൃത്തിന് ഒരു അബദ്ധം പറ്റി. അങ്ങനെയല്ലേ നാളെ എന്റെ മകന് പറ്റിയാലും സഹോദരന് സംഭവിച്ചാലും എല്ലാവർക്കും അങ്ങനെ അല്ലേ. തെറ്റ് ചെയ്യുന്നവരെല്ലാം നമ്മളുമായി ബന്ധമില്ലാത്ത ആളുകൾ ആണെന്ന് പറയാൻ പറ്റില്ലല്ലോ, നമ്മള് ശരി മാത്രം ചെയ്യുന്ന ആളുകളല്ലല്ലോ. നാളെ എനിക്കും തെറ്റ് പറ്റില്ലേ. ഞാനും നാളെ ഒരു പ്രശ്‌നത്തിൽ അകപ്പെടില്ലേ അപ്പോൾ എന്നെ സഹായിക്കാനും ആളുകൾ വേണ്ടേ,’സിദ്ദിഖ് പറയുന്നു.
Discussion about this post