യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് നിർമ്മാതാവും നടനുമായ ആന്റണി പെരുമ്പാവൂരും. അദ്ദേഹം തന്നെയാണ് സന്തോഷം സോഷ്യൽമീഡിയ വഴി പങ്കിട്ടത്. വിസ നൽകിയ യുഎഇയിലെ അധികൃതർക്ക് അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. ഇതിനു പുറമെ നടൻ മോഹൻലാലിനും മലയാള സിനിമയ്ക്കും ആശിർവാദ് സിനിമാസിനും നന്ദി അറിയിക്കുന്നുവെന്ന് ആന്റണി പെരുമ്പാവൂർ ഫേസ്ബുക്കിൽ കുറിച്ചു.
വർഷങ്ങളായി അഭിനേതാവായും നിർമ്മാതാവായും മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് ആന്റണി. ഒരു അഭിനേതാവായി ആദ്യം മുഖം കാണിച്ച ചിത്രമാണ് ‘കിലുക്കം’. തുടർന്ന് ‘മരക്കാർ’ വരെ മോഹൻലാൽ നായകനായ 27 ചിത്രങ്ങളിലും താരത്തിന്റെ മകൻ പ്രണവ് മോഹൻലാൽ നായകനായ രണ്ട് ചിത്രങ്ങളിലും (ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട്) ആന്റണി അഭിനയിച്ചു.
2000ൽ പുറത്തെത്തിയ നരസിംഹമാണ് ആശിർവാദ് നിർമ്മിക്കുന്ന ആദ്യ ചിത്രം. പിന്നീടങ്ങോട്ട് മോഹൻലാൽ നായകനായ നിരവധി ഹിറ്റ് ചിത്രങ്ങളാണ് ആശീർവാദ് നിർമ്മാണം വഹിച്ചത്. നിലവിൽ മോഹൻലാൽ നായകനാവുന്ന എല്ലാ സിനിമകളും നിർമ്മിക്കുന്നത് ആശിർവാദ് ആണ്.
Discussion about this post