‘നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്’ സിനിമ തീയ്യേറ്ററിൽ തകർത്തോടുമ്പോൾ സോഷ്യൽമീഡിയയിൽ തകർക്കുന്നത് സന്തോഷ് വർക്കി എന്ന മോഹൻലാൽ ആരാധകനാണ്. സിനിമയെ കുറിച്ച് ‘ലാലേട്ടൻ ആറാടുകയാണ്’- എന്ന് പ്രശംസിച്ചാണ് സന്തോഷ് വൈറലായത്. മോഹൻലാൽ – ബി ഉണ്ണികൃഷ്ണൻ കൂട്ടുകെട്ടിൽ പിറന്ന ആറാട്ടിന്റെ റിലീസിന് ശേഷം അഭിപ്രായം ചോദിച്ചെത്തിയ മാധ്യമങ്ങളോടാണ് മോഹൻലാൽ ആരാധകനായ സന്തോഷ് തന്റെ ‘ആറാട്ട്’ പുറത്തെടുത്തത്.
എല്ലാ ചാനലുകളുടെ മുന്നിലും ആവേശത്തോടെ ഓടിനടന്ന് ചിത്രത്തെ കുറിച്ച് സംസാരിച്ച സന്തോഷിനെ ട്രോളന്മാർ പ്രശസ്തനാക്കുകയായിരുന്നു. എഞ്ചിനീയറിങ് കഴിഞ്ഞ് എറണാകുളത്ത് ഫിലോസഫിയിൽ പിഎച്ച്ഡി ചെയ്യുകയാണ് സന്തോഷ്.
സോഷ്യൽമീഡിയയിൽ ഇദ്ദേഹത്തിന്റെ വാക്കുകൾ ട്രോളുകളായും മീം ആയും ചർച്ചയാകുമ്പോൾ ലാലേട്ടനോടുള്ള കടുത്ത ആരാധന കാരണം പറഞ്ഞതെന്നായിരുന്നു സന്തോഷിന്റെ വാക്കുകൾ. സിനിമയെ കുറിച്ച് താൻ നിഷ്‌കളങ്കമായി പറഞ്ഞ അഭിപ്രായമായിരുന്നു അതെന്നും മദ്യപിച്ചിട്ടില്ല സിനിമ കാണാൻ പോയതെന്നും സന്തോഷ് ഒരു യുട്യൂബ് ചാനലിനോട് വ്യക്തമാക്കി.
‘നാലു വയസ്സു മുതൽ മോഹൻലാൽ ഫാൻ ആണ്. മനസിൽ തോന്നിയത് പറഞ്ഞുവെന്നേയുള്ളൂ. എല്ലാ സിനിമകളും കാണാറുണ്ട്. മോഹൻലാൽ സിനിമകളോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് മാത്രം. ആറാട്ടിനെ കുറിച്ച് പറഞ്ഞത് നിഷ്‌കളങ്കമായിട്ടാണ്. അല്ലാതെ കള്ള് കുടിച്ചിട്ടൊന്നുമല്ല. മോഹൻലാലിന്റെ രാഷ്ട്രീയനിലപാടുകൾ കാരണം അദ്ദേഹത്തിന്റെ സിനിമകൾക്കെതിരെ ഇപ്പോൾ ചില ക്യാംപെയ്‌നുകൾ നടക്കുന്നുണ്ട്. ട്രോളുകൾ എല്ലാം കണ്ടു, തമാശ ആയിട്ട് തന്നെയാണ് അതെല്ലാം എടുക്കുന്നത്’, സന്തോഷ് പറയുന്നു.