മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ആറാട്ടി’നെതിരെ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ കേസെടുത്തു. വ്യാജ പ്രചരണം നടത്തിയ അഞ്ചു പേർക്കെതിരെയാണ് മലപ്പുറം കോട്ടക്കൽ പൊലീസ് കേസെടുത്തുത്. കോട്ടക്കലിലെ തിയേറ്റർ ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
സംഭവത്തിൽ പ്രതികരണവുമായി ബി ഉണ്ണികൃഷ്ണൻ രംഗത്തെത്തി. ഹൗസ് ഫുള്ളായിട്ടുള്ള തിയേറ്ററിൽ നിന്നുമാണ് ഇത്തരത്തിലൊരു വീഡിയോ പ്രചരിച്ചതെന്ന് ഉണ്ണികൃഷ്ണൻ പറഞ്ഞു. ആറാട്ട് പ്രദർശനം നടക്കുന്ന സ്‌ക്രീനും ആറ് പേർ കിടന്നുറങ്ങുന്നതുമാണ് വീഡിയോയിലുള്ളതെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു.
‘സിനിമകളെ വിമർശിക്കാം. ഒരു സിനിമയെ മനപ്പൂർവ്വം ഇകഴ്ത്തി സംസാരിക്കുന്നത് ആ സിനിമയെ മാത്രമല്ല സിനിമ ഇൻഡസ്ട്രിയെ മുഴുവനുമാണ് ബാധിക്കുന്നത്. ആദ്യം തന്നെ പറഞ്ഞിരുന്നു ഇതൊരു എൻർടെയിൻമെന്റ് സിനിമയാണ്. ഇതിൽ വലിയ കഥാഗതിയൊന്നുമില്ല, പ്രധാനപ്പെട്ട വിഷങ്ങളൊന്നും ചർച്ച ചെയ്യുന്നില്ല. ഇത്രയും മുതൽ മുടക്കുള്ള സിനിമ ഒടിടിക്ക് കൊടുക്കാതെ വച്ചിരിക്കുകയായിരുന്നു അത് തിയേറ്ററിൽ കാണേണ്ട സിനിമയായത് കൊണ്ടാണ്.’ ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.
നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്. സ്വദേശമായ നെയ്യാറ്റിൻകരയിൽ നിന്നും ഒരു പ്രത്യേക ലക്ഷ്യത്തോടെ ഗോപൻ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. ശ്രദ്ധ ശ്രീനാഥ് ആണ് മോഹൻലാലിന്റെ നായികയായി എത്തുന്നത്. ഉദയകൃഷ്ണയാണ് തിരക്കഥ.