മുംബൈ : മുംബൈയിലെ മാഫിയ റാണി ഗംഗുഭായിയുടെ ജീവിതകഥ ആസ്പദമാക്കി സഞ്ജയ് ലീലാ ബന്‍സാലി സംവിധാനം ചെയ്യുന്ന ചിത്രം ഗംഗുഭായ് കത്തിയവാഡിയ്ക്കെതിരെ കുടുംബം. ആലിയ ഭട്ട് കേന്ദ്രകഥാപാത്രമാകുന്ന ചിത്രം ഗംഗുഭായിയെ അഭിസാരികയായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ഇവരുടെ ദത്തുപുത്രന് ബാബു റാവോജി ഷായും കൊച്ചുമകള്‍ ഭാര്തിയുമാണ് രംഗത്തെത്തിയിരിക്കുന്നത്.
തങ്ങളുടെ അമ്മയെ ചിത്രം മോശക്കാരിയാക്കി കാണിച്ചിരിക്കുന്നുവെന്നും ആളുകള്‍ ഇപ്പോള്‍ അമ്മയെക്കുറിച്ച് പറയാന്‍ പാടില്ലാത്ത കാര്യങ്ങള്‍ പറയുന്നുവെന്നും ബാബു ആജ് തക്കിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയത് മുതല്‍ കുടുംബം വല്ലാത്ത മാനസിക പ്രതിസന്ധിയിലാണെന്നാണ് അഭിഭാഷകന് നരേന്ദ്ര അറിയിച്ചിരിക്കുന്നത്. “തെറ്റായ രീതിയിലാണ് ഗംഗുഭായിയെ സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. അങ്ങേയറ്റം അശ്ലീലമായ രീതിയില്‍. ഒരു സാമൂഹികപ്രവര്ത്തകയെയാണ് അഭിസാരികയായി ചിത്രീകരിച്ചിരിക്കുന്നത്. ഏതെങ്കിലും കുടുംബത്തിനിത് ഇഷ്ടപ്പെടുമോ ? ഗംഗുഭായിയെ സിനിമ ലേഡി ഡോണ്‍ ആക്കി.” നരേന്ദ്ര അഭിപ്രായപ്പെട്ടു.
അമ്മയുടെ ജീവിതം സിനിമയാക്കുന്നതിന് തങ്ങളുടെ സമ്മതം ആരും വാങ്ങിയിട്ടില്ലെന്നാണ് ചെറുമകള്‍ ഭാര്‍തിയുടെ ആരോപണം. തങ്ങളുടെ കുടുംബത്തിന്റെ പേര് സിനിമാപ്രവര്‍ത്തകര്‍ കളഞ്ഞുകുളിച്ചുവെന്നും സമൂഹത്തില്‍ തലയുയര്‍ത്തി നടക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോഴെന്നും അവര്‍ പറഞ്ഞു. “എന്റെ മുത്തശ്ശി കാമാത്തിപുരയിലാണ് ജിവിച്ചിരുന്നത്. അവിടെ ജീവിക്കുന്ന എല്ലാ സ്ത്രീകളും അഭിസാരികമാരാണോ ? മുത്തശ്ശി നാല് കുട്ടികളെ ദത്തെടുത്തിട്ടുണ്ട്. അന്നൊന്നും ദത്തെടുക്കുന്നതിന് ഇന്നത്തെ പോലെ കര്‍ശന നിയമങ്ങളില്ലായിരുന്നു. ആ കാരണം കൊണ്ട് ഞങ്ങളെ ഇപ്പോഴെല്ലാവരും നിയമവിരുദ്ധരായിട്ടാണ് കാണുന്നത്.”
“മുത്തശ്ശി കാമാത്തിപുരയിലെ ലൈംഗികത്തൊളിലാളികളുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്ന സാമൂഹികപ്രവര്‍ത്തകയായിരുന്നു. ഞങ്ങളുടെ കുടുംബം ഇപ്പോഴും അഭിമാനത്തോടെയാണ് അവരുടെ പേര് ഉച്ചരിക്കുന്നത്. സിനിമയില്‍ എന്താണോ ചിത്രീകരിച്ചിരിക്കുന്നത് അതില്‍ നിന്നും ഏറെ വ്യത്യസ്തയായിരുന്നു ഗംഗുഭായി എന്ന വ്യക്തി.” അവര്‍ പറഞ്ഞു.
ചിത്രത്തിനെതിരെ ബാബു റാവോജി 2021ല്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കേസില്‍ സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലിക്കും നടി ആലിയ ഭട്ടിനും മുംബൈ കോടതി സമന്‍സ് അയച്ചു. തുടര്‍ന്ന് ബോംബെ ഹൈക്കോടതി ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യാന്‍ വിസമ്മതിക്കുകയും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരായ ക്രിമിനല്‍ അപകീര്‍ത്തി നടപടികള്‍ക്ക് ഇടക്കാല സ്റ്റേ നല്‍കുകയും ചെയ്തു. ഈ കേസ് ഇപ്പോഴും പെന്‍ഡിംഗിലാണ്.
Discussion about this post