നയന്‍താരയുടെ വെള്ളിത്തിരയിലെ ജൈതയാത്ര 15 വര്‍ഷം പിന്നിട്ടു. മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴും തെലുങ്കും കന്നടയും കീഴടക്കി ഇന്ന് ദക്ഷിണേന്ത്യയുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ പദവിലെത്തിയിരിക്കുകയാണ് താരമിപ്പോള്‍.
പതിനഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് 2003ലെ ക്രിസ്മസ് ദിനത്തില്‍ സത്യന് അന്തിക്കാടിന്റെ മനസിനക്കരയിലൂടെ ജയറാമിന്റെ നായികയായിട്ടാണ് ഡയാന മറിയം കുര്യന് എന്ന നയന്‍താര മലയാളി പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. പിന്നീട് മോഹന്‍ലാലിനൊപ്പം വിസ്മയത്തുമ്പത്ത്, നാട്ടുരാജാവ് എന്നീ ചിത്രങ്ങളിലും, തസ്കര വീരനില്‍ മമ്മൂട്ടിയൊടൊപ്പവും അഭിനയിച്ചു. മലയാളത്തില്‍ മുന്‍നിരയിലെത്തുന്നതിന് മുന്‍പ് തമിഴിലേക്ക് താരം ചേക്കേറി. തമിഴിലെ അരങ്ങേറ്റം ശരത്കുമാറിനൊപ്പം ‘അയ്യ’ എന്ന ചിത്രത്തില്‍. തമിഴില്‍ ചിത്രം വിജയിച്ചതോടെ നയന്‍താരയെ തേടിയെത്തിയത് നിരവധി അവസരങ്ങളാണ്. പിന്നീട് തമിഴിലെ ഗ്ലാമര്‍ നായിക പദവിയിലെത്തിയ താരത്തെ വിവാദങ്ങളും വിടാതെ പിന്തുടര്ന്നു. ചിമ്പുവും പ്രഭുദേവയുമായിട്ടുള്ള പ്രണയ വാര്‍ത്തകളൊക്കെ ഗോസിപ്പ് കോളങ്ങളിലെ ചൂടേറിയ വാര്‍ത്തകളായിരുന്നു.
സൂര്യയുടെ ഗജിനിയിലൂടെ ഗ്ലാമര്‍ റോളുകളിലേക്ക് നയന്‍താര തിരിഞ്ഞു. ദക്ഷിണേന്ത്യ മുഴുവന്‍ നയന്‍സ് തരംഗം ആളിക്കത്തി. പിന്നീട് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം സിദ്ദിഖിന്റെ ബോഡിഗാര്‍ഡിലൂടെ നയന്‍താര മലയാളത്തിലേക്ക് നായികയായി തിരിച്ചെത്തി.
പ്രണയതകര്‍ച്ചയെ തുടര്‍ന്ന് സിനിമയില്‍ നിന്ന് ഇടവേള എടുത്ത് 2013 ഗംഭീര തിരിച്ചു വരവാണ് നയന്‍താര നടത്തിയത്. അറ്റ്ലിയുടെ സംവിധാനത്തിലൊരുങ്ങിയ ‘രാജറാണി’ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ തിരിച്ചു വരവ്. പിന്നിട് അങ്ങോട്ട് നയന്‍താര എന്ന ലേഡി സൂപ്പര്‍സ്റ്റാറിന്റെ പിറവിയായിരുന്നു. ഗ്ലാമര്‍ വേഷങ്ങളോട് നോ പറഞ്ഞ നയന്‍താരക്ക് വേണ്ടി മാത്രം സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ പിറന്നു. അരം, ഡോറ, മായ, കൊലമാവ് കോകില ഏറ്റവും ഒടുവിലായി ഇമൈക്ക നൊടികളും. അജിത്തിന്റെ വിശ്വാസമാണ് നയന്‍താരയുടെ റിലീസ് കാത്തിരിക്കുന്ന ചിത്രം.
Discussion about this post