നമ്മൾ പലപ്പോഴും പലകാര്യങ്ങളെക്കുറിച്ചും കുട്ടികളുടെ സംശയങ്ങൾക്ക് കൃത്യമായ മറുപടി നൽകാതെയും പകരം അതൊന്നും അറിയാനുള്ള പ്രായമായില്ലെന്ന് പറയുന്നവരും, ചിലപ്പോൾ ചില താത്കാലിക നുണകൾ പറഞ്ഞ് രക്ഷപ്പെടുന്നവരാണ്. അക്കൂട്ടർക്കിടയിൽ നിന്നും വ്യത്യസ്തയാകുകയാണ് നടിയും അവതാരികയുമായ ശില്പ ബാല. സാനിറ്ററി നാപ്കിനെക്കുറിച്ച് മകൾ യാമിയുടെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകുന്ന താരത്തിന്റെ വിഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിമാറിക്കഴിഞ്ഞു.
ഇത് അമ്മയുടെ പാംപേഴ്സ് ആണോ എന്ന് ചോദിക്കുന്ന മകൾ യാമിയുടെ ചോദ്യത്തിന് വളരെ കൃത്യമായും പക്വതയോടെയുമാണ് ശില്പ ബാല ഉത്തരം പറയുന്നത്. മകൾ യാമി ഒരു ദിവസം നൂറിലധികം സംശയങ്ങൾ ചോദിക്കുന്ന സമയം വന്നിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന വിഡിയോ ശില്പ തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.
ഇത് അമ്മയുടെ പാംപേഴ്സ് ആണോ എന്നാണ് യാമി ശില്പയോട് ചോദിക്കുന്നത്, അമ്മ ചെറിയ കുട്ടി അല്ലല്ലോ പിന്നെ എന്തിനാണ് ഇത് ഉപയോഗിക്കുന്നത് എന്നും തുടർന്ന് ചോദിക്കുന്ന യാമിയോട്, ‘അമ്മ ചെറുതല്ല, വലിയ സ്ത്രീയാണ് വലുതാകുമ്പോൾ ഇത് ഉപയോഗിക്കേണ്ട സമയം വരും എന്നുമാണ് ശില്പ കുഞ്ഞിന് പറഞ്ഞുകൊടുക്കുന്നത്. കുട്ടികളുടെ ഇത്തരം സംശയങ്ങൾക്ക് കൃത്യമായ ഉത്തരങ്ങൾ പറഞ്ഞുകൊടുക്കുന്നതിൽ തെറ്റില്ല എന്നും ശില്പ ബാല വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.