മലയാളിക്ക് ഹാസ്യനടനായും വില്ലനായും നായകനായും മാത്രമല്ല, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലും എല്ലാത്തിനുമുപരിയായി നല്ലൊരു മനുഷ്യസ്‌നേഹിയായും കൊച്ചിൻ ഹനീഫയുടെ ഓർമ്മകൾ മുന്നിലുണ്ട്.
മലയാള സിനിമാലോകത്തിനും തമിഴ് സിനിമാലോകത്തിനും തീരാനഷ്ടമായിരുന്നു ഹനീഫയുടെ വിടപറച്ചിൽ. സൂപ്പർതാരങ്ങളായ മമ്മൂട്ടിയും മോഹൻലാലും അടക്കമുള്ള സൂപ്പർതാരങ്ങളും സിനിമാപ്രവർത്തകരും കൊച്ചിൻ ഹനീഫയുടെ മൃതദേഹത്തിനു മുന്നിൽ വിങ്ങിപ്പൊട്ടുന്നത് കണ്ട് ആരാധകരുടെയും ഹൃദയം നുറുങ്ങിയിരുന്നു. അത്രമാത്രം സിനിമയേയും മനുഷ്യരേയും സ്‌നേഹിച്ചിരുന്ന കലാകാരനാണ് ഹനീഫ.
കൊച്ചിൻ ഹനീഫ മരിച്ച ദിവസം നടൻ മണിയൻപിള്ള രാജു മമ്മൂട്ടിയെ കെട്ടിപ്പിടിച്ച് വാവിട്ട് കരയുന്ന രംഗങ്ങൾ ഏറെക്കാലം മലയാളിയുടെ മനസിൽ നോവ് പടർത്തിയിരുന്നു. എന്തുകൊണ്ട് താൻ അത്രത്തോളം വൈകാരികമായി പ്രതികരിച്ചു എന്ന് ഈയടുത്ത് ഒരു അഭിമുഖത്തിൽ മണിയൻപിള്ള രാജു തുറന്നുപറയുകയും ചെയ്തു.
മണിയൻപിള്ള രാജുവിന്റെ വാക്കുകൾ:
സിനിമയിൽ അവസരം അന്വേഷിച്ച് നടക്കുന്ന സമയം. ഉമ ലോഡ്ജിലാണ് താൻ താമസിച്ചിരുന്നതെന്ന് മണിയൻപിള്ള രാജു ഓർക്കുന്നു. തൊട്ടടുത്ത മുറിയിൽ അന്ന് കൊച്ചിൻ ഹനീഫയും ഉണ്ട്. ചന്ദ്രഭവൻ എന്ന ഹോട്ടലിൽ നിന്നാണ് അന്ന് കടം പറഞ്ഞ് ഭക്ഷണം കഴിച്ചിരുന്നത്.
സംവിധായകൻ തമ്ബി കണ്ണന്താനമാണ് ചന്ദ്രഭവനിൽ തന്നെ പരിചയപ്പെടുത്തി കൊടുത്തതെന്നും മണിയൻപിള്ള രാജു പറയുന്നു. കയ്യിൽ പൈസ കുറവായതിനാൽ മൂന്ന് നേരവും ഹോട്ടലിൽ നിന്ന ഇഡ്ഡലിയാണ് കഴിച്ചിരുന്നത്. ഹനീഫയുടെ ഭക്ഷണം അഞ്ച് പൊറോട്ടയും ഒരു ബുൾസ്ഐയും ആണ്. ബ്രേക്ക്ഫാസ്റ്റും ലഞ്ചും കൂടി ഒരുമിച്ചാണ് ഹനീഫ കഴിക്കുക.
ഒരിക്കൽ ചന്ദ്രഭവൻ ഹോട്ടലിൽ പെയിന്റിങ് എന്തോ നടക്കുകയായിരുന്നു. ആ ഹോട്ടലിൽ നിന്ന് കടം പറഞ്ഞ് ഭക്ഷണം കഴിക്കൽ നടക്കില്ല. അപ്പോൾ കൊച്ചിൻ ഹനീഫയോട് ഭക്ഷണം കഴിക്കാൻ കാശ് തരാമോ എന്ന് ചോദിച്ചു. ഖുർആനിൽ നിന്ന് ഒരു പത്ത് രൂപ നോട്ട് എടുത്ത് ഹനീഫ നൽകി.
ആ പണം കൊണ്ട് ഭക്ഷണം കഴിച്ചു. ഹനീഫ ഉച്ചയ്ക്കും രാത്രിയും അന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടില്ല. എന്താ ഭക്ഷണം കഴിക്കാത്തതെന്ന് രാത്രി ചോദിച്ചപ്പോൾ ആകെയുണ്ടായിരുന്ന പത്ത് രൂപയാണ് ഞാൻ നിനക്ക് എടുത്തു തന്നതെന്ന് ഹനീഫ പറഞ്ഞു. അങ്ങനെയൊരാൾ മരിച്ചാൽ എങ്ങനെ കരയാതിരിക്കും- മണിയൻപിള്ള രാജു ചോദിക്കുന്നു.
Discussion about this post