മലയാള സിനിമാലോകത്തെ മികച്ച കൂട്ടുകെട്ടായിരുന്നു ശ്രീനിവാസൻ-മോഹൻലാൽ താരങ്ങളുടേത്. വിൻഡേജ് മോഹൻലാൽ ചിത്രങ്ങൾ എന്ന് മലയാളികൾ അഭിമാനത്തോടെ പറയുന്ന പല മോഹൻലാൽ ചിത്രങ്ങളും ശ്രീനിവാസന്റെ തൂലികയിൽ നിന്നും ജനിച്ചതാണ്. ഇരുവരുടയേും ഓൺസ്‌ക്രീൻ കൂട്ടുകെട്ടും ആസ്വാദ്യകരമായിരുന്നു.
ഇപ്പോഴിതാ നടനും സംവിധായകനുമായ ശ്രീനിവാസൻ മോഹൻലാൽ അഭിനേതാവ് എന്ന നിലയിൽ നിന്നും നിർമ്മാതാവ് എന്ന രൂപത്തിലേക്ക് വളർന്നതിനെ കുറിച്ച് പരാമർശിച്ചിരിക്കുകയാണ്.
സത്യൻ അന്തിക്കാട് -മോഹൻലാൽ-ശ്രീനിവാസൻ ടീമിന്റെ വിജയനാളുകളിലെ ഒരു സംഭവം ഓർത്തെടുത്താണ് ശ്രീനിവാസന്റെ വാക്കുകൾ.
‘സത്യൻ അന്തിക്കാടും ഞാനും മോഹൻലാലും ഒന്നിച്ചിരുന്ന സിനിമകൾ സാമ്പത്തികമായി വിജയിച്ചിരുന്ന കാലഘട്ടത്തിൽ നിർമ്മാതാവ് കെടി കുഞ്ഞുമോൻ ഇന്നസെന്റ് മുഖാന്തരം ഞങ്ങളോട് കാര്യം പറയാൻ പറഞ്ഞു. ഒരു സിനിമ, മോഹൻലാലും ഞാനും സത്യൻ അന്തിക്കാടും ചേർന്ന് ഒരു പടം നിർമ്മിക്കാനുള്ള പണവും ഞങ്ങളുടെ പ്രതിഫലവും അദ്ദേഹം തരാമെന്നും അതിന് നേതൃത്വം നൽകണമെന്നും പറഞ്ഞു.
സ്വഭാവികമായിട്ടും ഞാനും സത്യനും ആ ഓഫർ വേണ്ടെന്ന് വെച്ചു. കാരണം അങ്ങനെയൊരു ലാഭ-നഷ്ടത്തിന്റെ ബിസിനസ് പോലെ സിനിമ ചെയ്യാൻ വന്നവരല്ല ഞങ്ങൾ.അപ്പോൾ ഇങ്ങനെയൊരു സിനിമ ചെയ്ത് ലാഭമുണ്ടാക്കിയാൽ പിന്നെ നമ്മുടെ ചിന്ത മുഴുവൻ പണത്തിന്റെ പിന്നാലെയായിരിക്കും. അതറിയാവുന്നത് കൊണ്ടുതന്നെയാണ് ഈ ഒരു തീരുമാനം അറിയിച്ചത്.’- ശ്രീനിവാസൻ പറയുന്നു.
എന്നാൽ പിൽക്കാലത്ത് മോഹൻലാൽ സ്വന്തം നിലയിൽ നിർമ്മാതാവായെന്നും അത് അദ്ദേഹത്തിന് പണത്തിനോടുള്ള മോഹം കൊണ്ടാണോ എന്നൊന്നും തനിക്കറിയില്ലെന്നുമാണ് ശ്രീനിവാസന്റെ പ്രതികരണം.
also read- ക്യാമറയിൽ പെടാതെ പറപറക്കാൻ നമ്പർ പ്ലേറ്റ് പൊട്ടിച്ച് മാറ്റി ‘ഫ്രീക്കൻ’; ഇൻസ്റ്റഗ്രാമിൽ നിന്നും പൊക്കിയെടുത്ത് ‘ന്യൂജെൻ’ എംവിഡി; ഒടുവിൽ കൊച്ചിയിലെ യുവാവിന് പിടിവീണു
‘ എങ്കിലും മോഹൻലാൽ എന്ന ഒരു അഭിനേതാവ് നിർമ്മാതാവായി. അത് എന്തിന് വേണ്ടിയായിരുന്നുവെന്ന് ചോദിച്ചാൽ നല്ല സിനിമകൾ തന്നെയായിരുന്നിരിക്കണം അദ്ദേഹത്തിന്റെ മനസ്സിൽ.’- ശ്രീനിവാസൻ പറയുന്നു.