സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ടാണ് തമിഴ്താരം ധനുഷും സംവിധായികയായ ഐശ്വര്യയും വേർപിരിയാൻ പോകുന്നെന്ന് പ്രഖ്യാപിച്ചത്. മാധ്യമങ്ങളിൽ ഇരുവരുടേയും വിവാഹമോചന വാർത്ത വലിയ വാർത്തയാവുകയും ചെയ്തു.
നീണ്ട 18 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ ഇരുവരും തീരുമാനിച്ചതെന്തിന് എന്ന ചോദ്യമായിരുന്നു എല്ലാവരിലും ഉയർന്നത്. വിവാഹമോചനത്തെ സംബന്ധിച്ച് ഇരുവരുടേയും സുഹൃത്തുക്കളും ഇതിനിടെ പ്രിതകരണവുമായി രംഗത്തെത്തിയിരുന്നു. ധനുഷും ഐശ്വര്യയും തമ്മിൽ ആറുമാസത്തോളമായി വ്യക്തിപരമായ പ്രശ്നങ്ങളുണ്ടെന്നും ഇരുവരും ആലോചിച്ചെടുത്ത തീരുമാനമാണ് ഈ വേർപിരിയൽ എന്നുമായിരുന്നു ഒരു സുഹൃത്തിന്റെ വെളിപ്പെടുത്തൽ.
എന്നാൽ, ധനുഷിന്റെ പിതാവ് തന്നെ ഒടുവിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ധനുഷിന്റെ പിതാവ് കസ്തൂരി രാജ ഡൈയിലി തന്തി ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് വിവാഹമോചന വാർത്ത നിഷേധിച്ചിരിക്കുന്നത്. ഇരുവർക്കും ഇടയിൽ ചെറിയ ചില അഭിപ്രായ വ്യത്യാസങ്ങൾ മാത്രമാണ് ഉള്ളതെന്നാണ് അദ്ദേഹം പറയുന്നത്. തമിഴിലെ മറ്റ് മാധ്യമങ്ങളും വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.
‘ധനുഷും ഐശ്വര്യയും ഇപ്പോൾ ചെന്നൈയിലില്ല. അവരിപ്പോൾ ഹൈദരാബാദിലാണ്. ഞാൻ രണ്ടുപേരെയും ഫോണിൽ വിളിച്ച് അവരെ ഉപദേശിച്ചു. ഇത് ഭാര്യയും ഭർത്താവും തമ്മിലുള്ള ചെറിയൊരു പ്രശ്നമാണ്’- കസ്തൂരിരാജ പറഞ്ഞു.
നേരത്തെ, പങ്കാളികൾ എന്ന നിലയിൽ വേർപിരിയുന്നുവെന്നും വ്യക്തികൾ എന്ന നിലയിൽ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താൻ തീരുമാനിച്ചതായും സോഷ്യൽമീഡിയയിൽ കുറിച്ചാണ് ധനുഷും ഐശ്വര്യയും വിവാഹമോചിതരാകുന്നെന്ന് അറിയിച്ചത്. പിന്നീട് ധനുഷിന്റെയും ഐശ്വര്യയുടെയും ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നുമുണ്ടായിട്ടില്ല.
2004ലാണ് ധനുഷും രജനീകാന്തിന്റെ മകൾ ഐശ്വര്യയും വിവാഹിതരാകുന്നത്. സഹോദരൻ സെൽവരാഘവൻ സംവിധാനം ചെയ്ത് 2003ൽ പുറത്തിറങ്ങിയ കാതൽ കൊണ്ടേൻ എന്ന ചിത്രത്തിന്റെ റിലീസിനിടെയാണ് ഐശ്വര്യയും ധനുഷും കണ്ടുമുട്ടിിയതും പ്രണയത്തിലായതും.