നെറ്റ്ഫ്‌ലിക്‌സിൽ റിലീസായി ലോകമെമ്പാടും തന്നെ ചർച്ചയായ മിന്നൽമുരളി എന്ന സൂപ്പർ ഹീറോ ചിത്രം മലയാള സിനിമയ്ക്ക് തന്നെ അഭിമാനമാവുകയാണ്. ബേസിൽ ജോസഫും ടോവീനോ തോമസിനുമൊപ്പം അണിയറ പ്രവർത്തകർക്കും നാടൻ സൂപ്പർ ഹീറോയെ അണിയിച്ചൊരുക്കിയതിന് അഭിനന്ദന പ്രവാഹമാണ്.
ഇതിനിടെ പ്രതിസന്ധികൾ പലതും അതിജീവിച്ചാണ് മിന്നൽ മുരളി ചിത്രം പൂർത്തിയായതെന്ന് ഓർമ്മിപ്പിക്കുകയാണ് അണിയറ പ്രവർത്തകർ. ഓരോ സെറ്റ് ഒരുക്കുന്നതിന്റെയും ഷൂട്ടിങ് സമയത്തെ രസകരമായ സംഭവങ്ങളും സംവിധായകൻ ബേസിലും കലാസംവിധായകൻ മനു ജഗത്തും ഓരോ ദിനവും പോസ്റ്റ് ചെയ്യാറുണ്ട്.
ഇതിനിടെ, സിനിമയുടെ ഷൂട്ടിങ്ങിനു വേണ്ടി കാലടി പെരിയാർ മണപ്പുറത്ത് നിർമിച്ച സെറ്റ് തകർത്ത സംഭവവും സങ്കടത്തോടെ ഓർക്കുകയാണ് മനു ജഗത്. 2020 മെയ് 24നാണ് മിന്നൽ മുരളിയുടെ കാലടി മണപ്പുറത്തെ സിനിമാസെറ്റ് തീവ്ര ഹിന്ദുത്വ വാദികൾ അടിച്ചുതകർത്തത്.
നഷ്ടപ്പെട്ട കുറുക്കൻമൂല പള്ളിയുടെ ഓർമ്മകൾ’, എന്ന തലക്കെട്ടിൽ സിനിമക്ക് വേണ്ടി നിർമ്മിച്ച ക്രിസ്ത്യൻ ദേവാലയത്തിന്റെ മനോഹരമായ ഫോട്ടോകളും സ്‌കെച്ചും മനു ജഗത് സോഷ്യൽമീഡിയയിൽ പങ്കുവെച്ചു.
ആലുവ മണപ്പുറത്തെ സെറ്റായിരുന്നു മിന്നൽ മുരളിയിൽ ഉപയോഗിച്ചിരുന്നതെങ്കിൽ ഇതിലും മനോഹരമാകുമായിരുന്നുവെന്നും മനു ജഗദ് ഫേസ്ബുക്കിൽ കമന്റിന് മറുപടിയായി പറഞ്ഞു.സെറ്റ് നശിപ്പിച്ചതിലൂടെ ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായതെന്ന് നിർമ്മാതാവ് സോഫിയ പോളും അറിയിച്ചിരുന്നു.
അന്തർരാഷ്ട്രീയ ഹിന്ദു പരിഷത്ത് (എഎച്ച്പി) യുവജന വിഭാഗമായ രാഷ്ടീയ ബജ്‌റങ്ദളിന്റെ ജില്ലാ പ്രസിഡന്റ് രതീഷ് മലയാറ്റൂർ (കാര രതീഷ്), കാലടി സ്വദേശി രാഹുൽ (18) എന്നിവരാണ് സെറ്റ് തകർത്ത കേസിൽ അറസ്റ്റിലായത്. കേസിലെ മുഖ്യ പ്രതിയായ രതീഷ് വിവിധ ക്രിമിനൽ കേസുകളിലെ പ്രതി കൂടിയായിരുന്നു. സെറ്റ് തകർത്തതിന്റെ ചിത്രങ്ങൾ പ്രതികൾ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അന്ന് പുറത്തുവിട്ടിരുന്നത്. 50 ഓളം പേർക്കെതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.
Discussion about this post