മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റുകളില്‍ ഒരാളാണ് ഭാഗ്യലക്ഷ്മി. നിരവധി നായികമാരുടെ ശബ്ദമായി മാറാന്‍ ഭാഗ്യലക്ഷ്മിയ്ക്കു കഴിഞ്ഞിട്ടുണ്ട്. ചിരപ്രതിഷ്ഠ നേടിയ നടിമാരുടെ ശബ്ദമായും ഭാഗ്യലക്ഷ്മി മലയാള സിനിമയില്‍ സ്ഥാനം ഉറപ്പിച്ചതാണ്.
മണിച്ചിത്രത്താഴില്‍ ശോഭന അവതരിപ്പിച്ച ഗംഗ എന്ന കഥാപാത്രം നാഗവല്ലിയായി മാറുമ്പോള്‍, ‘വിടമാട്ടേന്‍’ എന്ന ഹിറ്റ് ഡയലോഗ് പറഞ്ഞതും ഭാഗ്യലക്ഷ്മി തന്നെ.
തന്റെ ഡബ്ബിംഗ് അനുഭവത്തെ കുറിച്ച് ഭാഗ്യലക്ഷ്മി തുറന്നു പറയുകയാണ്. ഡബ്ബിംഗിന് ശേഷം തൊണ്ട പൊട്ടി ചോര വന്ന സംഭവം വരെ തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് തുറന്നു പറയുകയാണ് ഭാഗ്യലക്ഷ്മി. ഉര്‍വശി, ശോഭന, രേവതി തുടങ്ങിയ നടിമാര്‍ക്ക് ഭാഗ്യലക്ഷ്മി ശബ്ദം നല്‍കിയിട്ടുണ്ട്.
‘നേരത്തെ ഡബ്ബിംഗ് കഴിഞ്ഞ് വന്നാല്‍ അങ്ങനെ അധികം സംസാരിക്കാറൊന്നുമില്ലായിരുന്നു. ഇപ്പോഴാണ് ധാരാളം സംസാരിക്കാന്‍ തുടങ്ങിയത്. ഡബ്ബിംഗിന് ശേഷം വീട്ടിലെത്തിയാല്‍ ഗാര്‍ഗിള്‍ ചെയ്യുന്ന ശീലമുണ്ട്. വോയ്സിനുള്ള എക്സര്‍സൈസും ചെയ്യാറുണ്ട്. ആരോഗ്യ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് നല്‍കുന്നത്. എല്ലാ വര്‍ഷവും ആയുര്‍വേദ ചികിത്സയ്ക്ക് പോവാറുമുണ്ട്.
ഡബ്ബിംഗ് സമയത്ത് ശബ്ദത്തിന് യാതൊരുവിധ നിയന്ത്രണവും വെക്കാന്‍ പറ്റില്ല. പൊട്ടിക്കരയേണ്ടിടത്ത് പൊട്ടിക്കരയണം, അലറിവിളിക്കേണ്ടിടത്ത് അലറിവിളിക്കണം. അതാണ് അവസ്ഥ. മുന്‍പൊക്കെ സിനിമയില്‍ റേപ്പ് സീന്‍ പതിവായിരുന്നല്ലോ, ഒരു സിനിമയില്‍ ഒന്നിലധികം റേപ്പ് സീനുകളുണ്ടാവാറുണ്ട് ചിലപ്പോള്‍. എന്നെ വിടൂ എന്നൊക്കെ പറഞ്ഞ് ശബ്ദം മുഴുവനും പോവും. തൊണ്ട പൊട്ടി ചോര വന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്’, ഭാഗ്യലക്ഷ്മി പറയുന്നു.
Read Also:പുതുവര്‍ഷത്തില്‍ യുഎഇയിലെ ആദ്യത്തെ കണ്‍മണിയായി മലയാളി കുഞ്ഞ്
‘എപ്പോഴും ചലഞ്ചിങ് ആയി തോന്നിയിട്ടുള്ളത് ഉര്‍വശിയുടെ ശബ്ദം ചെയ്യാനാണ്. മലയാള സിനിമയിലെ ഏറ്റവും മികച്ച നടി ആരാണെന്ന് ചോദിച്ചാല്‍ അത് ഉര്‍വശിയാണ്. അത് ഞാന്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. കാരണം അത്രയും ബഹുമുഖ പ്രതിഭയായി ആരും ഇല്ലെന്ന് വേണമെങ്കില്‍ പറയാം. ഉര്‍വശിയുടെ ലെവല്‍ പിടിക്കാന്‍ വലിയ പാടാണ്. ആ സമയത്ത് ഉര്‍വശിയുടെ എല്ലാ വേഷങ്ങളിലും ശബ്ദം ചെയ്ത് കൊണ്ടിരുന്നത് ഞാനാണ്’, ഭാഗ്യലക്ഷ്മി പറഞ്ഞു.
ഉര്‍വശിയുടെ പ്രകടനങ്ങളെല്ലാം മികച്ചതാണ്. വളരെ ചെറിയ എക്സ്പ്രഷനില്‍ പോലും സംഭാഷണങ്ങളും ഉണ്ടാകുമെന്നതിനാല്‍ ഉര്‍വശിയ്ക്ക് ഒപ്പം എത്തിച്ചേരാന്‍ പലപ്പോഴും ബുദ്ധിമുട്ടിയിരുന്നുവെന്നാണ് ഭാഗ്യലക്ഷ്മി പറയുന്നത്.
ലാല്‍ സലാം സിനിമയില്‍ ഡബ്ബ് ചെയ്യാന്‍ പോയപ്പോഴുള്ള അനുഭവവും ഭാഗ്യലക്ഷ്മി പങ്കുവെച്ചു. ഉര്‍വശിക്ക് ഡബ്ബ് ചെയ്യാന്‍ പോയപ്പോള്‍ സിനിമയുടെ സംവിധായകന്‍ വേണു നാഗവള്ളി പറഞ്ഞതിനെ കുറിച്ചും ഭാഗ്യലക്ഷ്മി അഭിമുഖത്തില്‍ പങ്കുവെച്ചു ‘മോളൂ എന്ന് വിളിച്ച് മാത്രമാണ് വേണു സര്‍ സംസാരിക്കാറുള്ളത്.
ലാല്‍ സലാം ഡബ്ബിംഗിനെത്തിയപ്പോള്‍ ചിത്രത്തില്‍ ഉര്‍വശി ആദ്യഭാഗത്തില്‍ കുസൃതി നിറഞ്ഞ പെണ്‍കുട്ടിയായും രണ്ടാംഭാഗത്തില്‍ വളരെ ഒതുക്കമുള്ള പക്വതയാര്‍ന്ന പെണ്‍കുട്ടിയുമായാണ് പ്രത്യക്ഷപ്പെട്ടത്. ഉര്‍വശിയുടെ ചിരി ചെറിയ കുപ്പിയില്‍ കുഞ്ഞ് കല്ലുകള്‍ ഇട്ട് കുലുക്കും പോലെയാണെന്നും അതേ മനോഹാരിത ഡബ്ബ് ചെയ്യുമ്പോള്‍ വരണമെന്നുമായിരുന്നു വേണു സര്‍ പറഞ്ഞത്. ചില ഡയലോഗുകള്‍ വലുതായി വാ തുറന്നല്ല ഉര്‍വശി അവതരിപ്പിക്കാറ്. അതുകൊണ്ട് തന്നെ പൈലറ്റ് സീന്‍ കാണുമ്പോള്‍ മനസ്സിലാകാറുണ്ടായിരുന്നില്ല’- ഭാഗ്യലക്ഷ്മി പറഞ്ഞു.
‘അന്യഭാഷ നടിമാര്‍ക്ക് ഡബ്ബ് ചെയ്യുമ്പോള്‍ പല ഡയലോഗുകളും അവരുടെ ഉച്ചാരണം ശരിയല്ലാത്തതിനാല്‍ ബുദ്ധിമുട്ടിയാണ് പറഞ്ഞിരുന്നത്. അത് ഏറെ ദേഷ്യം തോന്നിപ്പിച്ചിരുന്നു. സിനിമയില്‍ നിന്ന് ഒരിക്കലും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. എല്ലാക്കാലത്തും തന്നെ ഏറ്റവും കൂടുതല്‍ കെയര്‍ ചെയ്തിട്ടുള്ളത് സിനിമാക്കാരാണ്’- ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ നന്ദനം സിനിമയുടെഡബ്ബിങ്ങിനെ ചൊല്ലി ഹരികുമാറുമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നും ഭാഗ്യലക്ഷ്മി തുറന്നു പറയുന്നു. നന്ദനത്തില്‍ മനു എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. അദ്ദേഹത്തിന്റെ അമ്മയായെത്തിയത് രേവതി ആയിരുന്നു. സിനിമയില്‍ പൃഥ്വിരാജിനെ രേവതി മനു എന്ന് വിളിക്കുന്ന ഒരു രംഗമുണ്ട്. രേവതിക്കു വേണ്ടി ശബ്ദം നല്‍കിയ തനിക്ക് എത്ര തവണ മനു എന്ന് വിളിച്ചിട്ടും ഹരികുമാറിന് തൃപ്തി ആയില്ല.
ഹരികുമാര്‍ തന്നോട് മനു എന്ന് വീണ്ടും വീണ്ടും വിളിക്കാന്‍ പറഞ്ഞു. കുറേ സമയം ഇതു തന്നെ തുടര്‍ന്നു ഓക്കേ ആകുന്നില്ല എന്നാണ് ഹരികുമാര്‍ പറയുന്നത്. ഏറെ നേരം ഇത് തുടര്‍ന്നപ്പോള്‍ തനിക്ക് ദേഷ്യം വന്നതായി ഭാഗ്യലക്ഷ്മി പറയുന്നു. ഉടനെ തന്നെ തനിക്ക് ഇനി പറ്റില്ല എന്നു പറഞ്ഞുകൊണ്ട് സ്റ്റുഡിയോ വിട്ട് പുറത്തു പോകുകയായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി പറയുന്നു. സ്റ്റുഡിയോ വിട്ട് ഇറങ്ങുമ്പോള്‍, തിരികെ വിളിക്കാനായി ഹരികുമാര്‍ പിന്നാലെ വന്നു. എന്നാല്‍ പറ്റില്ല എന്ന് തീര്‍ത്തു പറഞ്ഞതായി ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞെന്നും ഭാഗ്യലക്ഷ്മി പറയുന്നു.