‘മിന്നൽ മുരളി’ സിനിമയിലൂടെ സിംപിൾ സൂപ്പർ ഹീറോയായി സിനിമാ പ്രേക്ഷകരെ അമ്പരപ്പിച്ച ടൊവീനോ തോമസിന് സോഷ്യൽമീഡിയയിൽ അഭിനന്ദനങ്ങളും പ്രശംസകളും നിറയുകയാണ്. താരത്തിന്റെ കരിയർ തന്നെ മാറ്റി മറിക്കുന്ന ചിത്രമായി മിന്നൽ മുരളി മാറുമെന്നതിൽ സംശയവുമില്ല. നെറ്റ്ഫ്‌ളിക്‌സിലൂടെ പുറത്തിറങ്ങിയ മിന്നൽ മുരളി ഇന്ത്യയ്ക്ക് പുറത്തും ടൊവീനോയെ അതിപ്രശസ്തനായിരിക്കുകയാണ്.
എങ്ങും ടൊവീനൊയെ കുറിച്ചുള്ള ചർച്ചകൾ ഉയരുന്നതിനിടെ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ് 10 വർഷം മുമ്പത്തെ താരത്തിന്റെ ഒരു ഫേസ്ബുക്ക് കുറിപ്പ്. താൻ ആരും അസൂയപ്പെടുന്ന ഉയരത്തിൽ എത്തുമെന്നും കഠിനാധ്വാനം ചെയ്യാനുള്ള മനസ് തനിക്കുണ്ടെന്നും ഉറച്ച ആത്മവിശ്വാസത്തോടെ പറയുന്ന ടൊവീനോയുടെ കുറിപ്പ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. തന്നെ പരിഹസിക്കുന്നവർക്കുള്ള മറുപടിയായാണ് ടൊവീനോയുടെ അന്നത്തെ പോസ്റ്റ്. 2011 ജൂൺ 28നായിരുന്നു ടൊവീനോ പോസ്റ്റിട്ടത്.
‘ഇന്നു നിങ്ങൾ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവൻ എന്നു മുദ്രകുത്തി എഴുതിത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങൾ എന്നെയോർത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാർഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാധ്വാനിയുടെ ആത്മവിശ്വാസമാണ്.’-ടൊവീനോ കുറിച്ചതിങ്ങനെ.
Also Read-ഭക്ഷണമുണ്ടാക്കുന്ന ഉമ്മയെ കടന്നുപിടിച്ചത് കണ്ട് സഹിക്കാനായില്ല; കോടാലി കൊണ്ട് മുഹമ്മദിനെ കൊലപ്പെടുത്തിയത് പെൺകുട്ടികൾ തന്നെയെന്ന് പോലീസ്; ഭാര്യയുടെ വാദങ്ങൾ തള്ളി
സിനിമയിൽ ശ്രദ്ധേയമാകുന്നതിന് മുമ്പായിരുന്നു താരത്തിന്റെ ഈ പോസ്റ്റ്. 2012ൽ പുറത്തിറങ്ങിയ ‘പ്രഭുവിന്റെ മക്കൾ’ എന്ന ചിത്രമായിരുന്നു ടൊവീനോയുടെ ആദ് ചിത്രം. പിന്നീട് സെവൻത്ത് ഡെ ഉൾപ്പടെ നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.
‘എന്ന് നിന്റെ മൊയ്തീൻ’ സിനിമയിലെ അപ്പു എന്ന കഥാപാത്രമാണ് ടൊവീനോയെ പിന്നീട് ശ്രദ്ധേയനാക്കിയത്. ഇതിന് പിന്നാലെ നായകസ്ഥാനത്തേക്ക് ഉയർന്ന ടൊവീനോ മായാനദി ഉൾപ്പടെയുള്ള ചിത്രങ്ങളിലൂടെ തന്റെ സാന്നിധ്യം ശക്തമാക്കി.