കൽപറ്റ: വയനാട്ടിലെ അതിർത്തി ഗ്രാമങ്ങളിലൊന്നായ കുറുക്കൻമൂലയാണ് ഇപ്പോൾ വാർത്തകളിൽ നിറയെ. വ്യത്യസ്തമായ കാരണങ്ങൾ കൊണ്ട് കുറുക്കൻമൂല ജനശ്രദ്ധയിലെത്തിയിരിക്കുന്നത്. ‘മിന്നൽ മുരളി’യുടേയും ‘ഷിബു’വിന്റേയും നാടായാണ് കുറുക്കൻമൂല സിനിമാസ്വാദകരുടെ മനസിലിടം പിടിച്ചതെങ്കിൽ, ദിനംപ്രതി വളർത്തുമൃഗങ്ങളെ കവർന്നെടുക്കുന്ന കടുവ ജനജീവിതം ദുസ്സഹമാക്കിയതോടെയാണ് മാധ്യമങ്ങളിൽ കുറുക്കൻമൂല നിറയുന്നത്.
അതിശയകരമെന്ന് തോന്നുമെങ്കിലും ഈ രണ്ടു സ്ഥലവും ഒന്നുതന്നെയാണ്. ഒരേ സമയം ഈ പ്രദേശം രണ്ട് വ്യത്യസ്ഥ കാര്യങ്ങളാൽ പ്രശസ്തമായത് യാദൃശ്ചികം മാത്രം. ‘മിന്നൽമുരളി’ സിനിമയിൽ ടൊവിനോ തോമസ് അവതരിപ്പിക്കുന്ന നായകൻ മിന്നൽ മുരളിയുടെ ജന്മദേശമായി ചിത്രീകരിച്ചിരിക്കുന്ന കുറുക്കൻമൂല യഥാർത്ഥത്തിൽ ഈ സിനിമയുടെ സംവിധായകന്റെ ജന്മനാടാണ്.
കുറുക്കൻമൂലയോടുള്ള വൈകാരിക അടുപ്പംകൊണ്ട് സംവിധായകൻ ബേസിൽ ജോസഫ് മനഃപൂർവം തെരഞ്ഞെടുത്തതാണ് സിനിമയിലെ ഈ പേര്. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയാണ് ബേസിൽ. ഇദ്ദേഹത്തിന്റെ മാതാവിന്റെ വീട് കുറുക്കൻമൂലയിലാണ്. വൈദികനായ ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും തങ്കമ്മയുടെയും മകനാണ് ബേസിൽ ജോസഫ്.
കുഞ്ഞുന്നാൾ മുതൽ താൻ കളിച്ചുവളർന്ന കുറുക്കൻമൂലയോടുള്ള അടുപ്പം സിനിമയിലും പ്രദർശിപ്പിക്കുകയായിരുന്നു ബേസിൽ. നേരത്തേ താൻ സംവിധാനം ചെയ്ത കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളിലും ബേസിൽ ജോസഫ് കുറുക്കൻമൂല ഉൾപ്പെടുത്തിയിരുന്നു. ആ സിനിമകളിൽ സ്ഥലപ്പേര് സൂചിപ്പിക്കുന്ന ബോർഡുകളാണ് കാണിച്ചതെങ്കിൽ ഇത്തവണ സിനിമ നടക്കുന്നതു തന്നെ കുറുക്കൻമൂലയിലാണ്.
കുറുക്കൻമൂലയിൽ രണ്ടര മാസത്തിലേറെ മിന്നൽമുരളിയുടെ ഷൂട്ടിങ് നടന്നിരുന്നു. ബൈരക്കുപ്പയിലും സിനിമയുടെ ചിത്രീകരണം നടന്നു. കുറുക്കൻമൂല കവല കഴിഞ്ഞ് വലതുവശത്തുള്ള പഴയ വീടാണ് ടൊവിനോയുടെ വീടായി സിനിമയിൽ ചിത്രീകരിച്ചത്.’