നടൻ മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന ഫാന്റസി ചിത്രം ‘ബറോസി’ൽനിന്നും പൃഥ്വിരാജ് പിന്മാറി. ഡേറ്റ് പ്രശ്നങ്ങൾ മൂലമാണ് പിന്മാറ്റമെന്നാണ് സൂചന. നിലവിൽ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്.
ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് കടക്കേണ്ടതിനാൽ പൃഥ്വിരാജിന് ശാരീരികമായ മാറ്റങ്ങളും മറ്റും വേണ്ടി വരും. അതുകൊണ്ടുതന്നെ ഈ ചിത്രത്തിനായി സമയം കൂടുതൽ മാറ്റിവയ്ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ബറോസിൽ നിന്നുള്ള പിന്മാറ്റമെന്നാണ് റിപ്പോർട്ടുകൾ.
കോവിഡ് സാഹചര്യങ്ങളാൽ ബറോസിന്റെ ചിത്രീകരണം ഈ വർഷം മധ്യത്തിൽ നിർത്തിവയ്ക്കേണ്ടി വന്നിരുന്നു. തുടർന്ന് ഡിസംബർ 26 നാണ് ചിത്രീകരണം പുനരാരംഭിച്ചത്. ഇതുവരെ ഷൂട്ട് ചെയ്ത ഭാഗങ്ങളിൽ പലതും റീഷൂട്ട് ചെയ്യേണ്ടി വരുമെന്ന് മോഹൻലാൽ അറിയിച്ചിരുന്നു. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടിയുടെ രൂപം മാറിയതും മറ്റുമാണ് കാരണം.
നിധി കാക്കുന്ന ഭൂതത്തിന്റെയും ഒരു കൊച്ചു പെൺകുട്ടിയുടെയും ആത്മബന്ധത്തിന്റെ കഥയാണ് ബറോസ് പറയുന്നത്. ബറോസ് എന്ന ഭൂതമായി മോഹൻലാൽ എത്തുന്നു. വിദേശിയായ ഷെയ്ല മാക്കഫ്രി എന്ന പെൺകുട്ടിയെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി ആദ്യം തീരുമാനിച്ചത്. എന്നാൽ ഷൂട്ടിങ് പുനരാരംഭിക്കുമ്പോൾ ഷെയ്ല ‘ബറോസ്’ ടീമിനൊപ്പമില്ല. മുംബൈ സ്വദേശിയായ മായയാണ് ഷെയ്ലയ്ക്ക് പകരക്കാരിയായി എത്തുന്നത്.
പ്രതാപ് പോത്തൻ, വിദേശ നടി പാസ് വേഗ എന്നിവരും ബറോസിൽ പ്രധാന വേഷത്തിലെത്തുന്നു. പോർച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയാണ് ബറോസ്. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറ് വർഷങ്ങളായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാർഥ അവകാശിയെയാണ് കാത്തിരിക്കുന്നതും നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം.
മൈഡിയർ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ, ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമാണം.
Discussion about this post