മലയാളത്തിന്റെ പ്രിയങ്കരനായ നടൻ ജഗതി ശ്രീകുമാർ സിബിഐ അഞ്ചാം ഭാഗത്തിൽ അഭിനയിക്കുമെന്ന വാർത്ത സിനിമാപ്രേമികൾ ഏറ്റെടുത്തിരിക്കുകയാണ്. ഇതിനിടെയാണ് സിബിഐ അഞ്ചിൽ ജഗതി അദ്ദേഹം ജോയിൻ ചെയ്‌തെന്ന തരത്തിലുള്ള ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിക്കാൻ ആരംഭിച്ചത്. ജഗതി ശ്രീകുമാർ മേക്കപ്പ് ഇടുന്ന വീഡിയോയും ഫോട്ടോകളും പ്രചരിച്ചിരുന്നു.
ഇപ്പോഴിതാ ഈ വീഡിയോയും ദൃശ്യങ്ങളും സിബിഐ അഞ്ചാം ഭാഗത്തിലേതല്ല പഴയതാണെന്ന് വ്യക്തമായിരിക്കുകയാണ്. നടൻ സിബിഐ സിനിമയിൽ ജോയിൻ ചെയ്തിട്ടില്ല എന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ കഴിഞ്ഞ വർഷം ജഗതി അഭിനയിച്ച പരസ്യ ചിത്രത്തിന്റെ മേക്കിങ് വീഡിയോയിൽ നിന്നുമുള്ളതാണ്.
ഇതോടെ അജു വർഗീസ്, ശ്വേതാ മേനോൻ ഉൾപ്പടെ സിനിമാ മേഖലയിൽ നിന്നുള്ളവർ തങ്ങൾ പങ്കുവെച്ച ഫോട്ടോയും വീഡിയോയും പഴയതാണെന്ന് വ്യക്തമാക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിനിടെ, സിബിഐ അഞ്ചാം ഭാഗത്തിൽ ജഗതി അഭിനയിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. വാഹനാപകടത്തിൽ പരിക്കേറ്റ് വിശ്രമിക്കുന്ന അദ്ദേഹത്തിന്റെ വീട്ടിൽ വെച്ചായിരിക്കും ചിത്രീകരണം നടക്കുക.
‘സിബിഐ’ സീരിസിലെ ചിത്രത്തിൽ ജഗതി ശ്രീകുമാർ വേണമെന്നും ഏതെങ്കിലും രംഗങ്ങളിൽ ജഗതിയുടെ സാന്നിധ്യം ഉണ്ടാകണമെന്നും മമ്മൂട്ടി ആവശ്യപ്പെട്ടത് പ്രകാരമാണ് സംവിധായകൻ കെ മധുവും തിരക്കഥാകൃത്ത് എസ് എൻ സ്വാമിയും രംഗങ്ങൾ ചിത്രീകരിക്കുന്നത്.
Discussion about this post