വിവാഹത്തോടെ സിനിമയില്‍ നിന്നും മാറിനിന്ന മഞ്ജുവാര്യര്‍ക്ക് മികച്ച തിരിച്ചുവരവ് നല്‍കിയ ചിത്രമായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യൂ. അതേസമയം, ചിത്രത്തില്‍ അഭിനയിക്കരുതെന്ന രീതിയില്‍ സൂചനകള്‍ ലഭിച്ചിരുന്നെന്ന് വ്യക്തമാക്കി
നടന്‍ കുഞ്ചാക്കോ ബാബന്‍.
എന്നാല്‍, താന്‍ അഭിനയിക്കാന്‍ ഡേറ്റ് കൊടുത്തത് സിനിമയുടെ നിര്‍മാതാവിനും സംവിധായകനും തിരക്കഥാകൃത്തിനുമായതിനാല്‍ അവരോട് സംസാരിക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
മഞ്ജു വാര്യരുടെ രണ്ടാമത്തെ സിനിമയായിരുന്നു ശരിക്കും ഹൗ ഓള്‍ഡ് ആര്‍ യു, രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ ആദ്യം തീരുമാനിച്ച സിനിമ നടക്കാതിരുന്നതിനാല്‍ ഹൗ ഓള്‍ഡ് ആര്‍ യൂ തിരിച്ചുവരവിലെ ആദ്യ സിനിമയായി മാറുകയായിരുന്നെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.
ട്രാഫിക്കിലൂടെ സിനിമാ ജീവിതത്തിലെ നിര്‍ണായക കഥാപാത്രം നല്‍കിയ സഞ്ജു-ബോബി എന്ന തിരക്കഥാകൃത്തുക്കളോടായിരുന്നു തനിക്ക് കൂടുതല്‍ പ്രതിബദ്ധതയെന്നും കുഞ്ചാക്കോ ബോബന്‍ കൂട്ടിച്ചേര്‍ത്തു.
ഹൗ ഓള്‍ഡ് ആര്‍ യൂ ആദ്യം നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ലെന്നും ശ്രീനിവാസനുമായൊന്നിച്ചുള്ള ഒരു ചിത്രമായിട്ടാണ് പ്ലാന്‍ ചെയ്തിരുന്നതെന്നും പിന്നീട് ശാലിനിയെ നായികയാക്കി തിരക്കഥ എന്ന രീതിയിലേക്ക് മാറ്റിയപ്പോഴാണ് പുതിയ രീതിയിലേക്ക് കഥ മാറിയതെന്നും അദ്ദേഹം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കുഞ്ചാക്കോ ബോബന്‍ മനസ്സു തുറന്നത്.
കുഞ്ചാക്കോ ബോബന്റെ വാക്കുകള്‍: സത്യമുള്ള കാര്യങ്ങള്‍ പറയുക എന്നതേ ചെയ്തിട്ടുള്ളൂ, അതല്ലാതെ ആരെയെങ്കിലും മനപൂര്‍വം ഉപദ്രവിക്കാനോ ഏതെങ്കിലും രീതിയില്‍ കോര്‍ണര്‍ ചെയ്യാന്‍ മെനഞ്ഞെടുത്ത വാക്കുകളും കഥകളുമായി എവിടെയും ഉപയോഗിക്കാറില്ല. മഞ്ജു വാര്യരുടെ രണ്ടാമത്തെ സിനിമയായിരുന്നു ശരിക്കും ‘ഹൗ ഓള്‍ഡ് ആര്‍ യൂ’. അതിന് മുമ്പ് രഞ്ജിയേട്ടനും ലാലേട്ടനുമായുള്ള ഒരു പ്രൊജക്ടായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. അതു കൊണ്ട് ഒരു രണ്ടാമത്തെ ചിത്രമായിട്ടാണ് ഈ സിനിമ വന്നിരുന്നത്.
അങ്ങനെ തന്നെയായിരുന്നു ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നതും. മഞ്ജുവിനോക്കാള്‍ എനിക്ക് സഞ്ജു-ബോബി എന്ന തിരക്കഥാകൃത്തുക്കളോടായിരുന്നു കമ്മിറ്റ്‌മെന്റുണ്ടായിരുന്നത്. കാരണം അവര്‍ ട്രാഫിക്ക് എന്ന സിനിമ എനിക്ക് നല്‍കിയവരാണ്. എന്റെ തിരിച്ചുവരവ് സിനിമകളില്‍, അല്ലെങ്കില്‍ മലയാള സിനിമയുടെ പാത മാറ്റിയ സിനിമകളില്‍ ഒന്നാണ് ട്രാഫിക്ക്.
അതെന്റെ ജീവിതത്തിലും അങ്ങനെ തന്നെയായിരുന്നു. അങ്ങനെ ഒരു തിരക്കഥാകൃത്തുക്കള്‍ ഒരു കഥയുമായി വരുമ്പോള്‍ അവരോടായിരുന്നു എനിക്ക് കമ്മിറ്റ്‌മെന്റുണ്ടായിരുന്നത്. അതിന്റെ പ്രൊഡ്യൂസര്‍ക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനുമാണ് ഞാന്‍ ഡേറ്റ് കൊടുത്തത്.
മഞ്ജുവിന് മുമ്പും വേറെയും നായികമാരെ ആലോചിച്ചിരുന്നു. ശരിക്കും നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ല, ഞാനും ശ്രീനിയേട്ടനും കൂടിയായിരുന്നു ആദ്യം പ്ലാന്‍ ചെയ്തിരുന്നത്. അതിന് ശേഷം ശാലിനിയെ വെച്ച് പ്രൊജക്ട് മുന്നോട്ടു കൊണ്ടുപോയാലോയെന്ന് ആലോചിച്ചു. ആ സമയത്താണ് രഞ്ജിയേട്ടന്റെ ലാലേട്ടനുമായുള്ള മഞ്ജുവിന്റെ പ്രൊജക്ട് വരുന്നത്.
അങ്ങനെയാണെങ്കില്‍ കുഴപ്പമില്ല, മഞ്ജുവാര്യരുടെ രണ്ടാമത്തെ സിനിമയായി ഇത് കൊണ്ടു പോവാമെന്ന് തീരുമാനിക്കുകയും ഡേറ്റ് കൊടുക്കുകയും ചെയ്താണ് ഇത് കമ്മിറ്റഡ് ആവുന്നതും സിനിമ സംഭവിക്കുന്നതും. അതിന് ശേഷം സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നെങ്കിലും ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യരിനല്ല. സംവിധായകനും തിരക്കഥാകൃത്തിനുമാണ് ഞാന്‍ ഡേറ്റ് കൊടുത്തിരിക്കുന്നത്. അവരോട് സംസാരിക്കുക എന്നാണ് ഞാന്‍ പറഞ്ഞിരിക്കുന്നത്. നേരിട്ട് ഒഴിയണമെന്ന രീതിയില്‍ പറഞ്ഞിട്ടില്ല. സിനിമയില്‍ നിന്നും ഞാന്‍ ഒഴിയണമെന്ന രീതിയില്‍ ചെറിയ സൂചനകള്‍ നല്‍കിയിരുന്നു.
Discussion about this post