ക്രിസ്മസുമായി ബന്ധപ്പെട്ട വളരെ പ്രസിദ്ധമായ ഗാനമാണു ജിംഗിള്‍ ബെല്‍സ്. ഈ ഗാനം കേള്‍ക്കാത്തവരായും ഒരു വരിയെങ്കിലും മൂളാത്തവരായും ആരും ഉണ്ടാകില്ല. ഈ ഗാനം ക്രിസ്മസ് രാവുകളെ ഓര്‍മിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ആദ്യകാലത്ത് ജിംഗിള്‍ ബെല്‍സ് ഒരു ക്രിസ്തുമസ് ഗാനമേ ആയിരുന്നില്ലെന്നതാണ് രസകരം. ഇതൊരു അമേരിക്കന്‍ ക്ലാസിക് പാട്ടുമാത്രമായിരുന്നു. പറഞ്ഞുവരുന്നത് അതിനെക്കുറിച്ചൊന്നുമല്ല, ജിംഗിള്‍ ബെല്‍സ് പുറത്തിറങ്ങിയിട്ട് ഈ മഞ്ഞുകാലത്ത് 161 വര്‍ഷം പിന്നിട്ടിരിക്കുന്നു.
ജയിംസ് ലോഡ് പിയര്പോണ്ട് രചിച്ച ഈ ഗാനം 1853- നും 57- നും ഇടയ്ക്കാണ് എഴുതപ്പെട്ടത്. ജോര്‍ജിയയിലെ സാവന്നയില്‍ ഓര്ഗനിസ്റ്റും മ്യൂസിക് ഡയറക്ടറുമായി ജോലി ചെയ്യുകയായിരുന്നു പിയര്പോണ്ട്. തന്റെ പാട്ടുമായി പലരേയും സമീപിച്ചെങ്കിലും ആരും ആ ഗാനം റെക്കോര്‍ഡ് ചെയ്യാനോ മാര്‍ക്കറ്റ് ചെയ്യാനോ താല്പര്യം കാട്ടിയില്ല. ഒടുവില്‍ ബോസ്റ്റണിലെ ഡിക്സണ്‍ മ്യൂസിക് കമ്പനി അത് സ്വീകരിച്ചു. എന്നാല്‍ 1857- ല്‍ പുറത്തിറങ്ങിയ ആ ആല്‍ബം വിപണിയില്‍ ഒരു ചലനവും സൃഷ്ടിച്ചില്ല. പിയര്പോണ്ടിന്റെ പ്രേരണകൊണ്ട് 1859- ല്‍ അത് വീണ്ടും വിപണിയിലെത്തി. എന്നാല്‍ എന്തുകൊണ്ടോ അപ്പോഴും ജനം ആ ഗാനം ശ്രദ്ധിച്ചില്ല. എന്നാല്‍ ക്രമേണ ആ ഗാനം ജനപ്രീതി നേടാന്‍ തുടങ്ങി.
1890 ആയപ്പോള്‍ ജിംഗിള്‍ ബെല്‍സ് ലോകപ്രസിദ്ധമായി. ആദ്യകാലങ്ങളില്‍ വണ്ഹോഴ്സ് ഓപ്പണ്‍ സ്റ്റേ എന്ന പേരിലായിരുന്നു അതു പുറത്തിറങ്ങിയത്. പിന്നീടാണു ജിംഗിള്‍ ബെല്‍സ് എന്നു പേരുമാറ്റിയത്. ബഹിരാകാശത്ത് ആലപിക്കപ്പെട്ട ആദ്യഗാനം എന്ന ബഹുമതിയും ജിംഗിള്‍ ബെല്സിനാണ്. 1965- ല്‍ ബഹിരാകാശ സഞ്ചാരികളായ ടോം സ്റ്റാഫോഡും വാലിഷീറയും ഒന്നിച്ച് ജമിനി – ആറ് പേടകത്തില്വച്ചു ഗാനം പാടി. മറ്റൊരു ശരത് കാലം തുടങ്ങുന്നതിനു തൊട്ടു മുമ്പേ, 71 ആം വയസില്‍ പിര്‍പോണ്ട് മരണത്തിലേക്കു നടന്നു പോയി.
ഓരോ മഞ്ഞുകാലത്തും ജയിംസ് ലോഡ് പിര്‍പോണ്ടിന്റെ ആത്മാവും ജിംഗിള്‍ ബെല്‍സിന്റെ താളത്തിനൊത്ത് തുള്ളിത്തുടിക്കുന്നുണ്ടാകും എന്നും ഒരു വിശ്വാസം ഉണ്ട്.
Discussion about this post