മുംബൈ: ബോളിവുഡും പ്രേക്ഷകരും ഒന്നടങ്കം കാത്തിരിക്കുന്ന ഒന്നാണ് കത്രീന കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹം. വളരെ ചുരുക്കം ചിലരെ മാത്രമാണ് താരത്തിന്റെ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളത്. എന്നാല്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി കര്‍ശന നിര്‍ബന്ധനകളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
അതിഥികളുടെ വാഹനത്തിന് പ്രത്യേക സ്റ്റിക്കര്‍ പതിപ്പിക്കണം. കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകുന്നതിനൊപ്പം രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കേണ്ടതുണ്ട്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളാണ് മുന്‍പോട്ടുവെച്ചിരിക്കുന്നത്.
പ്രത്യേക സ്റ്റിക്കര്‍ ഉള്ള വാഹനങ്ങള്‍ക്ക് മാത്രം പ്രവേശനം
വിവാഹത്തിന് വരുന്ന അതിഥികള്‍ ഒരു പ്രത്യേക സ്റ്റിക്കര്‍ പതിപ്പിച്ച വാഹനത്തിലായിരിക്കണം വിവാഹവേദിയില്‍ എത്തേണ്ടത്. വിവാഹത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ഇവന്റ് മാനേജ്‌മെന്റ് കമ്പനിയായിരിക്കും ഈ സ്റ്റിക്കര്‍ ഡിസൈന്‍ ചെയ്യുന്നതും വിതരണം ചെയ്യുന്നതും. ഈ സ്റ്റിക്കര്‍ പതിപ്പിച്ച വാഹനത്തില്‍ അല്ലാതെ മറ്റേതൊരു വാഹനത്തില്‍ വിവാഹ വേദിയില്‍ എത്തിയാലും അവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് മാനേജ്‌മെന്റ് കമ്പനി അറിയിച്ചു. വിവാഹവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ ജോലി എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു സ്റ്റിക്കര്‍ നിര്‍മിക്കുന്നതെന്ന് ഇവന്റ് മാനേജ്‌മെന്റ് കമ്പനി അറിയിച്ചു.
നെഗറ്റീവ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം
വിവാഹത്തിന് വരുന്ന അതിഥികളെല്ലാവരും നെഗറ്റീവ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൊണ്ടുവരണം. കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഒരു കാരണവശാലും ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ല.
രണ്ട് ഡോസ് വാക്‌സിനും വേണം
നെഗറ്റീവ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് മാത്രം ഉണ്ടായിട്ട് കാര്യമില്ല, രണ്ട് ഡോസ് കൊവിഡ് വാക്‌സിനും എടുത്തിട്ടുണ്ടെന്നതിന്റെ തെളിവും സുരക്ഷാ ഉദ്യോഗസ്ഥരെ കാണിച്ച് ബോദ്ധ്യപ്പെടുത്തിയാല്‍ മാത്രമേ വേദിയിലേയ്ക്ക് കടക്കാന്‍ സാധിക്കുകയുള്ളൂ.
കര്‍ശന നിര്‍ദേശങ്ങള്‍ അടങ്ങിയ കരാര്‍ ഒപ്പിടണം
ഇതിനെല്ലാം പുറമേ ചില കര്‍ശന നിര്‍ദേശങ്ങള്‍ അടങ്ങിയ കരാറില്‍ അതിഥികള്‍ ഒപ്പുവയ്ക്കണം. വിവാഹത്തിനെയോ അതുമായി ബന്ധപ്പെട്ട ചടങ്ങുകളുടേയോ ചിത്രങ്ങള്‍ എടുക്കില്ല, വിവാഹ വേദി എവിടെയാണെന്നോ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങളോ ആര്‍ക്കും പറഞ്ഞു കൊടുക്കില്ല, വിവാഹ വിശേഷങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കില്ല, മൊബൈല്‍ ഫോണ്‍ വിവാഹ വേദിയില്‍ കൊണ്ടു വരില്ല തുടങ്ങിയ നിബന്ധനകളാണ് ഈ കരാറില്‍ അടങ്ങിയിട്ടുള്ളത്.